കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം നാളെ വൈകീട്ട് കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും


കൊയിലാണ്ടി: ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം കൊയിലാണ്ടിയില്‍ പൊതുദര്‍ശനത്തിനുവെക്കും. വൈകുന്നേരം നാലരയ്ക്ക് കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്താണ് പൊതുദര്‍ശനം.

ഇടുക്കി മുതല്‍ കണ്ണൂരിലെ പാലക്കുളങ്ങര വസതി വരെ വിവിധയിടങ്ങളില്‍ ധീരജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. രാവിലെ എട്ടുമണിക്ക് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കൊണ്ടുവരിക. വൈകുന്നേരം എഴുമണിക്ക് കണ്ണൂരിലെ വസതിയില്‍ എത്തും. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് ബൈപ്പാസ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലാണ് പൊതുദര്‍ശനമുണ്ടാവുക.

കുയിലിമലയിലെ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഇന്ന് ഉച്ചയോടെ നടന്ന അക്രമത്തിലാണ് കണ്ണൂര്‍തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകന്‍ ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആസൂത്രിതമായ അക്രമമാണ് ക്യാമ്പസില്‍ നടന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്.

അഭിജിത്ത് അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം സെമസ്റ്റര്‍ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്.