കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ജീവനക്കാര്‍ക്കിടയില്‍ കോവിഡ്; പ്രതിരോധം പാളുമോയെന്ന് ആശങ്ക


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന താലൂക്ക് ആശുപത്രിയിലും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലും ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നു. മൂന്നാം തരംഗം ശക്തമായതിനു പിന്നാലെ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും കൂടുതല്‍ ആളുകള്‍ രോഗബാധയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുന്നത് കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കുമോയെന്ന ആശങ്ക ശക്തമാണ്.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സി.ഐ അടക്കം പന്ത്രണ്ട് പൊലീസുകാര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. സ്‌റ്റേഷനിലെ ജീവനക്കാര്‍ പലതും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരാണെന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവാനിടയുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സ്റ്റേഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ തടയുന്നതും പൊതുപരിപാടികള്‍ നിയന്ത്രിക്കുന്നതും ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതും പൊലീസിന്റെ സഹായത്തോടെയാണ്. പൊലീസുകാര്‍ക്കിടയില്‍ രോഗ വ്യാപനം കൂടുന്നതോടെ ഇത്തരം പരിശോധനകള്‍ നടത്താന്‍ കഴിയാതെ വരും.

സംസ്ഥാനമെമ്പാടുമായി മൂവായിരത്തിലേറെ പൊലീസുകാര്‍ നിലവില്‍ കോവിഡ് ബാധിതരാണ്. തിങ്കളാഴ്ച മാത്രം 494 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും നാനൂറോളം പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേസമയം ഇത്രയധികം പൊലീസുകാര്‍ കോവിഡിന്റെ പിടിയിലാകുന്നത് സേനയില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ പരാതികള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കുക, കുട്ടികളുള്ള വനിതാ പൊലീസുകാരെയും മറ്റ് രോഗമുള്ളവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുക, വാഹന പരിശോധന നിര്‍ത്തിവെയ്ക്കുക തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പൊലീസ് സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം ഇരുപതോളം പേര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലാണ്. തിങ്കളാഴ്ച മുതല്‍ ആശുപത്രിയില്‍ ജനറല്‍ ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഒ.പികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാണ്. ജനറല്‍ ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് ആശുപത്രിയിലെ തിരക്ക് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ എണ്ണം കുറഞ്ഞത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. എങ്കിലും സാധാരണക്കാര്‍ മറ്റ് ഒ.പികള്‍ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തുടര്‍ച്ചയായി ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനങ്ങള്‍ എല്ലാദിവസവും നടത്തണമെന്ന ആവശ്യവും ശക്തമാണ്. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തുന്നത്. ഇത് ആ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കും. കൂടാതെ പരിശോധനകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഫലം ലഭിക്കാന്‍ നാലോ അഞ്ചോ ദിവസം വേണ്ടിവരുന്നുണ്ട്. ഇത് ജാഗ്രതക്കുറവിനും രോഗവ്യാപനം വര്‍ധിക്കുന്നതിനും ഇടയാക്കും.
[vote]