കൊയിലാണ്ടി നഗരത്തിലെ യാത്രക്കാർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടായി റോഡിന് നടുവിലിട്ട മണൽച്ചാക്കുകൾ


കൊയിലാണ്ടി: നഗരത്തിലെ യാത്രക്കാർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടായി ദേശീയപാതയ്ക്ക് നടുവിലിട്ട മണൽച്ചാക്കുകൾ. വാഹനങ്ങൾ വരിതെറ്റിപ്പോകുന്നത് ഒഴിവാക്കാൻ വേണ്ടി ഹൈവേ ഉദ്യോഗസ്ഥർ നിരയായിട്ട മണൽച്ചാക്കുകൾ കീറിച്ചിതറിയതോടെയാണ് ജനങ്ങൾക്ക്  ബുദ്ധിമുട്ടായത്.

ചാക്ക് കീറിയതോടെ പുറത്തെത്തിയ മണൽ റോഡിലാകെ പരക്കുകയാണ്. വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ പൊടിപടലം ഉയർന്നുപൊങ്ങി സമീപത്തെ കച്ചവടക്കാർ, വാഹനമോടിക്കുന്നവർ എന്നിവർക്കെല്ലാം പ്രയാസമാവുന്നത് ഇപ്പോൾ പതിവായി.

റോഡിൽ മണൽച്ചാക്ക് നിരത്തി താത്‌കാലികമായി ഡിവൈഡർ ഒരുക്കിയപ്പോൾ ഗതാഗതക്കുരുക്കിന് അല്പം ശമനമുണ്ടായിരുന്നു. പോലീസുകാർക്കും ഗതാഗതനിയന്ത്രണത്തിന് ഇത് സഹായകരമായിരുന്നു. എന്നാൽ ഇത് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് മണൽച്ചാക്കുകൾ കൊണ്ട് താൽക്കാലിക ഡിവൈഡർ ഒരുക്കുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇത് വിജയിച്ചാൽ മണൽച്ചാക്കിന് പകരം സ്ഥിരം ഡിവൈഡർ ഏർപ്പെടുത്തുമെന്നും അന്ന് അധികൃതർ പറഞ്ഞിരുന്നു. മണൽച്ചാക്കുകൾ കൊണ്ടുള്ള ഡിവൈഡർ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മണൽച്ചാക്കുകൾ മാറ്റി പകരം സ്ഥിരം ഡിവൈഡർ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം.

അതേസമയം വാഹനങ്ങൾ ഡിവൈഡറിൽ ഇടിക്കുന്ന അവസ്ഥയ്ക്ക് പരിഹാരവും ഉണ്ടാകേണ്ടതുണ്ട്. അത്യവശ്യഘട്ടത്തിൽ ഇളക്കിമാറ്റാവുന്ന ഡിവൈഡറുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.