കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി ബി.ജെ.പി; ആരോപണം അടിസ്ഥാനരഹിതമെന്ന് എസ്.ഡി.പി.ഐ


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കഴിഞ്ഞദിവസം രാത്രി ബി.ജെ.പി പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഹാര്‍ബര്‍ മുതല്‍ കവലാട് വരെയാണ് പ്രകടനം നടത്തിയത്. ക്ഷേത്ര പൂജാരിയും ബി.ജെ.പി പ്രവര്‍ത്തകനുമായ നിജു എന്ന അര്‍ഷാദാണ് ആക്രമിക്കപ്പെട്ടത്.

പ്രകടനത്തിന് എസ്.ആര്‍.ജയ്കിഷ്, വി.കെ.ജയന്‍, കെ.കെ.വൈശാഖ്, വി.കെ.സുധാകരന്‍, കെ.പി.എല്‍.മനോജ്, പി.ടി.ശ്രീലേഷ്, ബൈജു, ഒ.മാധവന്‍, രാജീവന്‍, രവി വല്ലത്ത്, വി.കെ.മുകുന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടിണ്ട്.

ഡി.വൈ.എസ്.പി.അബ്ദുള്‍ ഷെരീഫ്, തഹസില്‍ദാര്‍ സി.പി.മണി, സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ ബിജു, ട്രാഫിക് എസ്.ഐ വി.എം.ശശിധരന്‍, കോസ്റ്റല്‍ പോലീസ് സി.ഐ, മറ്റ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ എന്നിവര്‍ സ്ഥലത്ത് തുടരുകയാണ്.

അതേസമയം അര്‍ഷാദ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്.ഡി.പി.ഐ പറഞ്ഞു. പോലീസ് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും എസ്.ഡി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യമായി എസ്.ഡി.പി.ഐയെ സംഭവത്തിലേക്ക് വലിച്ചിഴച്ച് പ്രദേശത്ത് കലാപം അഴിച്ചു വിടാനുള്ള സംഘപരിവാറിന്റെ കുല്‍സിത ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും സമഗ്രമായ അന്വേഷണം നടത്താതെ സംഘപരിവാര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച് ചെങ്ങോട്ടുകാവ്, കവലാട് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഭീകരന്തരീക്ഷം സൃഷ്ടിച്ച കൊയിലാണ്ടി പോലീസിന്റെ നടപടിയില്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നേതാക്കള്‍ വ്യക്തമാക്കി.

‘മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആര്‍.എസ്.എസ്’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് എസ്.ഡി.പി.ഐ നേരത്തെ സംഘടിപ്പിച്ച വാഹന ജാഥ കൈയേറാന്‍ ആര്‍.എസ്.എസ് ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പാര്‍ട്ടി നല്‍കിയ പരാതിയില്‍ പോലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി, ഹര്‍ഷല്‍ ചിറ്റാരി, ജലീല്‍ പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു.