കൊയിലാണ്ടിയിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തൊട്ടടുത്തുള്ള വഴിയോരക്കച്ചവടം; അപകട ഭീഷണി മുന്നില്‍ക്കണ്ട് കര്‍ശന നടപടിയെടുക്കുമെന്ന് കെ.എസ്.ഇ.ബി


കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും ട്രാന്‍സ്‌ഫോമറുകള്‍ക്ക് തൊട്ടടുത്ത് വഴിയോരകച്ചവടം നടത്തുന്നവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവിടെ നിന്നും കട മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ഇ.ബി. ഇലക്ട്രിക്ക് ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നുള്ള വഴിയോര കടകള്‍ അപകടങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടാണ് കെ.എസ്.ഇ.ബിയുടെ നീക്കം.

കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് അരികിലായി പഴങ്ങളും, പച്ചക്കറികളും തട്ടുകടകളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞദിവസം വടകര ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വലിയ തീപിടിത്തമുണ്ടായിരുന്നു. ഇതിനു പിന്നാലെ കൊയിലാണ്ടിയിലെ ഇതുപോലുള്ള കടകള്‍ക്കെതിരെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാമ് കെ.എസ്.ഇ.ബി ഇത്തരം കടകള്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്.

ഇന്ന് രാവിലെ നഗരത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കച്ചവട സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ അവിടെനിന്നും കച്ചവടം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ പ്രശാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ട്രാന്‍സ്‌ഫോര്‍മറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവയ്ക്കുചുറ്റും വേലി പണിയുകയെന്നതാണ് കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തം. ഇവിടെ വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കു പുറത്തായി ഇതുപോലെ കടകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വേലിയ്ക്ക് പുറത്തായതിനാല്‍ ഇതിനെതിരെ കെ.എസ്.ഇ.ബിയല്ല നഗരസഭയാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചയ്ക്കുള്ളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് അരികില്‍ നിന്നും സ്ഥാപനങ്ങള്‍ മാറ്റിയില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി അവരെ ചെന്നു കണ്ട് സംസാരിക്കുമെന്നും വീണ്ടും സ്ഥാപനങ്ങള്‍ അവിടെ തന്നെ തുടരുകയാണെങ്കില്‍ നഗരസഭയ്ക്കും പൊലീസിനും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൊയിലാണ്ടി നഗരത്തില്‍ അഞ്ചിലധികം സ്ഥലങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്ന് ഇത്തരം വഴിയോര കച്ചവടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടത്തിന്റെ ഭീകരത അറിയാമെങ്കിലും ഇതുവരെ ഇത്തരം കടകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ല. ഈയടുത്തായി നഗരത്തില്‍ നിരവധി തീപിടുത്തം നടന്നിരുന്നു. കൂടാതെ ഇത്തരം കടകളില്‍ നിന്നും മാലിന്യങ്ങള്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിയ്ക്ക് ഉളളിലേക്ക് വലിച്ചെറിയുന്നത് പലയിടത്തും കാണാം. ഇതും അപകട സാധ്യത വര്‍ധിപ്പിക്കും.