കുളിച്ചിട്ടു വരാമെന്നു പറഞ്ഞു പോയി; കോഴിക്കോട് വിവാഹ ദിവസം സ്വഗൃഹത്തിൽ വധു തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: കുളിച്ചിട്ടിപ്പോൾ വരാമെന്ന് പറഞ്ഞു പോയതാണ്, പിന്നീട് കാണുന്നത് മരിച്ച നിലയിൽ. വിവാഹദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് മരിച്ചത്.
മുപ്പത് വയസ്സായിരുന്നു.

വിവാഹത്തിനായി വധുഗൃഹത്തിൽ മണ്ഡപമുൾപ്പെടെ ഒരുങ്ങിയിരുന്നു. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോഴാണ്, കുളിച്ചിട്ടു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ചത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ കുടുംബാംഗങ്ങൾ
ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും അവിടെ മേഘയെ കണ്ടില്ല. തുടര്‍ന്നു കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു മേഘ. യുവതിയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ നടക്കാനിരിക്കവെയാണ് അത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്ത് നിന്ന് അത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

മെഡിക്കൽ കോളേജ് എ.സി.പി. കെ.സുദർശൻ, ചേവായൂർ സ്റ്റേഷൻ ഓഫീസർ പി. ചന്ദ്രബാബു എന്നിവരാണ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. ചേവായൂർ പോലീസ് അസ്വാഭാവി കമരണത്തിന് കേസെടുത്തു.

സുനിലായാണ് അമ്മ. സഹോദരൻ ആകാശ്.