കീഴരിയൂർ ആനപ്പാറ ക്വാറിക്കെതിരായ പ്രതിഷേധത്തില്‍ കനത്ത സംഘര്‍ഷം; തലയ്ക്ക് അടിയേറ്റ സ്ത്രീ ബോധരഹിതയായി, കൊയിലാണ്ടി എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും പരിക്ക്


കീഴരിയൂര്‍: ആനപ്പാറയിലെ ക്വാറിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷത്തിനിടെ തലയ്ക്ക് അടി കിട്ടിയ സ്ത്രീ ബോധരഹിതയായി. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ മറ്റൊരു സമരക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. എസ്.ഐമാരായ അനൂപ്, കെ.ടി.രഘു, എ.ആര്‍ ക്യാമ്പിലെ ദേവാനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തുടർച്ചയായ രണ്ടാം ദിവസമാണ് പ്രദേശത്ത് സംഘർഷമുണ്ടാകുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭകർ സമരപ്പന്തലിലെത്തിയത്. വ്യാഴാഴ്ച സംഘര്‍ഷത്തെ തുടര്‍ന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും വെള്ളിയാഴ്ച കൂടുതല്‍ വാഹനങ്ങളുമായി ക്വാറി മാനേജ്‌മെന്റ് സ്ഥലത്തെത്തി ക്രഷര്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ നേരത്തെ തന്നെ സമരപ്പന്തലില്‍ എത്തിയിരുന്നു. ക്വാറിയില്‍ നിന്നും മെറ്റലുമായി പുറത്തേക്കുവന്ന ലോറികള്‍ സ്ത്രീകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന്റെ തുടക്കം.

ക്വാറിയ്ക്കെതിരെ ഒരുമാസത്തോളമായി പ്രദേശവാസികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച തഹസീല്‍ദാറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ക്വാറിയില്‍ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി കുറച്ചുദിവസം കൂടി മുന്നോട്ടുപോകട്ടെയെന്ന നിലപാട് തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ സ്വീകരിച്ചതോടെ യോഗത്തില്‍ നിന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ക്വാറിയില്‍ ബ്ലാസ്റ്റിങ് നടത്തിയതോടെ പ്രതിഷേധക്കാര്‍ ക്വാറിയിലേക്ക് ഇടിച്ചുകയറുകയും ഇത് തടയുകയുമായിരുന്നു.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്‌ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്.