കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി നരിക്കുനി അഗ്നിശമന സേന; രക്ഷാപ്രവർത്തകർ എത്തുന്നത് വരെ 80 അടി താഴ്ചയുള്ള കിണറിന്റെ പടവിൽ തൂങ്ങിക്കിടന്നു


എകരൂൽ: 80 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി അഗ്നി ശമന സേന. ഉണ്ണികുളം പഞ്ചായത്തിലെ ഇരുപത്തൊന്നാം വാർഡിലെ ഏഴുകുളം പടിഞ്ഞാറയിൽമുക്ക് ചരപ്പറമ്പിൽ സീത (51) ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്.

ഫയർ ഫോഴ്സ് എത്തുന്നത് വരെ സീത കിണറ്റിലെ പടവിൽ തൂങ്ങി പിടിച്ചു നിൽക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നെറ്റെറിഞ്ഞാണ്‌ സീതയെ രക്ഷപെടുത്തിയത്. ഉടനെ തന്നെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

സ്റ്റേഷൻ ഓഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ടി സനൂപ്, ഗണേശൻ, അരുൺ, സജിത്ത് കുമാർ, റാഷിദ്, സത്യൻ, അരുൺ രാജ്, വിജയൻ, രാംദാസ്, അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.