കാപ്പാട് തെരുവോരങ്ങളിൽ ഇനി ആരും വിശന്നു കിടക്കേണ്ട; സ്നേഹ പൊതിയുമായി അന്നദാനം മഹാദാനം നിങ്ങൾക്കരികിലെത്തും


കാപ്പാട്: തെരുവോരങ്ങളിൽ കഴിയുന്നവരും അനാഥരും ഇനി വിശന്നു കഴിയേണ്ട, നിങ്ങൾക്കുള്ള ആഹാരവുമായി അന്നദാനം മഹാദാനം ചാരിറ്റി എത്തും. അഗതി മന്ദിരങ്ങളിൽ കഴിയുന്നവർക്കും ഇവരുടെ സ്നേഹപൊതി ലഭിക്കും. കാപ്പാട് കനിവ് സ്നേഹ തീരത്തെ അഗതികൾക്ക് ഭക്ഷണം നൽകിയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. സംഘടനയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു.

കണ്ണൂർ ജില്ല ജഡ്ജ് ആർ എൽ ബൈജു മുഖ്യാതിഥിയായി. സംഘടന പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് കുമാർ ആധ്യക്ഷ്യം വഹിച്ചു. സംവിധായകൻ നൗഷാദ് ഇബ്രാഹീം, ട്രഷററർ പി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അശ്വതി അച്ചു സ്വാഗതവും ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് വളയനാട് നന്ദിയും പറഞ്ഞു. അഗതികളും അതിഥികളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.

ആറു വർഷമായി പുതിയാപ്പയിലെ സാമൂഹ്യ പ്രവർത്തക അശ്വതി അച്ചു കുടുംബവും ഒന്നിച്ച് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് പൊതിച്ചോർ നൽകുന്നുണ്ട്. പദ്ധതിയ്ക്ക് നഗരത്തിലെ യുവജനതയുടെ യുടെയും പോലീസ് – സർക്കാർ ജീവനക്കാരുടെയും പൂർണ്ണ പിന്തുണ ലഭിച്ചിരുന്നു. അശ്വതി അച്ചു എന്ന പേരിൽ ഫേസ് ബുക്ക് വഴിയായിരുന്നു പ്രവർത്തനം ആരംഭിച്ചത്. നല്ല വരവേൽപ്പ് ലഭിച്ചതോടെ വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും എ എം അന്നദാനം മഹാദാനം എന്ന ചാരിറ്റി സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തത്. കാപ്പാട് കനിവിൽ ശ്രീധരൻ മാസ്റ്റർ – കാർത്യായനി ടീച്ചർ മെമ്മോറിയൽ സർവ്വീസ് സെന്റർ ഇന്ന് ഉച്ച ഭക്ഷണം ഒരുക്കി.

ഒരു നേരത്തെ ഭക്ഷണം ആർക്കെങ്കിലും കൊടുക്കാൻ സന്മനസ്സുള്ളവർക്ക് അശ്വതിയെ സമീപിക്കാം ഫോൺ: 97462 73826