കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിമുട്ടി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്, അപകടം കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍


കോഴിക്കോട്: കാട്ടുപന്നി കുറുകെ ഓടിയതിനെ തുടര്‍ന്ന് കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിപുറായില്‍ സിദ്ദീഖ് (38) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് ബൈപ്പാസില്‍ കെ.ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ഓംനി വാനും ദോസ്ത് വണ്ടിയുമാണ് കൂട്ടി ഇടിച്ചത്. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരിച്ചു.

സാരമായി പരിക്കേറ്റ കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിദ്ദിഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസില്‍ കെ.ടി താഴം ഭാഗത്ത് നേരത്തെയും കാട്ടുപന്നികളെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.