കല്ലാച്ചിയില്‍ കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസിന് ലഭിച്ചത് സ്റ്റീല്‍ ബോംബ്; പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഉഗ്ര ശേഷിയുള്ള ബോംബ്


നാദാപുരം: കല്ലാച്ചി പയന്തോങ്ങ് വരിക്കോളി റോഡിലെ ഇറിഗേഷന്‍ കനാലില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കി. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കനാലില്‍ നിന്ന് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ഇന്നലെയാണ് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ബോംബ് കണ്ടെടുത്തത്.

പഴക്കംചെന്ന ബോംബാണെന്ന ധാരണയിലായിരുന്നു പോലീസ്. ബോംബ് സ്‌ക്വാഡെത്തി കസ്റ്റഡിയിലെടുത്ത ബോംബ് ചേലക്കാട് കരിങ്കല്‍ ക്വാറിയില്‍ വച്ച് പൊട്ടിച്ചപ്പോള്‍ വന്‍ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഉഗ്ര സ്ഫോടനമുണ്ടായതോടെ വന്‍ ദുരന്തത്തിനിടയാക്കുന്ന വിധത്തില്‍ ധാരാളം വെടിമരുന്നുനിറച്ചാണ് ബോംബ് നിര്‍മിച്ചത് എന്നു വ്യക്തമായി.

നാദാപുരം എസ്.ഐ ആര്‍.എന്‍.പ്രശാന്തിന്റെ നേതൃത്വത്തില്‍ സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപത്തെ വിജനമായ പറമ്പില്‍ നിന്നും മറ്റും മുന്‍പും ബോംബുകളും നിര്‍മാണ സാമഗ്രികളും കണ്ടെത്തിയിരുന്നു.