കണ്ണൂർ ബോംബേറ്: ഉച്ചഭാഷിണിയുമായ ബന്ധപെട്ടു തുടങ്ങിയ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം; കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലൊരാൾ


കണ്ണൂർ: തോട്ടടയിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ മരണപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്.

ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടർന്ന് അതെടുക്കാൻ പോകുകയായിരുന്നു ജിഷ്ണു ആ സമയത്തു അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ബോബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു.

കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പരുക്കേറ്റ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടടയിലെ കല്യാണ വീടിന്റെ സമീപത്താണ് ബോംബേറുണ്ടായത്. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ച-തിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഏച്ചൂരിൽ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘർഷത്തിലേർപ്പെട്ടു.

ജീപ്പിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ശേഷം വധുവും വരാനും വീട്ടിലേക്കു വരുമ്പോഴാണ് ഈ സംഭവങ്ങൾ നടന്നത്.