കക്കാടംപൊയിലില്‍ പുലിയിറങ്ങി; നായയെ ഓടിച്ചെത്തിയ പുലിയെ കണ്ടത് സിസിടിവിയില്‍, ജനങ്ങള്‍ ഭീതിയില്‍


കോഴിക്കോട്: കക്കാടംപൊയിലില്‍ പുലിയിറങ്ങി. വാളന്തോട് ഒറ്റതെങ്ങുങ്കല്‍ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് വീട്ടുമുറ്റത്ത് പുലിയിറങ്ങിയെന്ന് സ്ഥിരീകരിച്ചത്.

നായയെ ഓടിച്ചാണ് പുലി വീട്ടുമുറ്റത്ത് എത്തിയതെന്നത് സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഏതാനും സമയം മാത്രമായിരുന്നു പുലി അവിടെ ഉണ്ടായിരുന്നതെന്നും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നിലമ്പൂര്‍ റേഞ്ച് ഓഫീസില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നേരത്തെ വന്യമൃഗങ്ങള്‍ ഇറങ്ങാറുള്ള സ്ഥലമല്ല ഇതെന്നും പുലിക്ക് കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് അധീകൃതര്‍ അറിയിച്ചു.