ഒടുവിൽ അക്ഷരമുറ്റം അവർക്കായും തുറന്നു; തിങ്കളാഴ്ച മുതൽ അങ്കണവാടികൾ പ്രവർത്തിക്കും


കോഴിക്കോട്: ഒടുവിൽ ഏറെ നാളുകൾക്കൊടുവിൽ കുരുന്നുകൾ സ്കൂളിലേക്ക്. സംസ്ഥാനത്തെ അങ്കണവാടികൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. കോവിഡ് ആരംഭിച്ച ശേഷം സ്കൂളുകൾ അടച്ചതിനോടൊപ്പം അങ്കണവാടികളും അടച്ചിരുന്നു. ശേഷം ഇതുവരെ ഓഫ്‌ലൈൻ ആയി ക്ലാസുകൾ നടന്നിരുന്നില്ല.

ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനോടപ്പമാണ് അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുത്തത്. ഇതിനോടൊപ്പം തന്നെ ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവർത്തിക്കാമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്നതിനാലാണ് ഈ തീരുമാനം. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും.

ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താത്കാലിക അവധി നല്‍കിയത്.