എലത്തൂരില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ ചുഴിയില്‍പ്പെട്ട് പത്തൊന്‍പതുകാരന്‍ മരിച്ചു


എലത്തൂര്‍: കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയില്‍ ചുഴിയില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. കളംകോളി താഴം നാസറിന്റെ മകന്‍ അലന്‍ (19) ആണ് മരിച്ചത്. എലത്തൂര്‍ വില്ലേജ് ഓഫീസിന് പടിഞ്ഞാറുഭാഗത്ത് വീടിനടുത്തെ കടലില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.

പൂക്കാട് വാടകയ്ക്ക് താമസിക്കുകയാണ് അലനും കുടുംബവും. എലത്തൂരിലെ ഉമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു. അപകടത്തില്‍പ്പെട്ട ഉടനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു അലന്‍.

മൃതദേഹം ബീച്ചാശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ എലത്തൂര്‍ മൊയ്തീന്‍പള്ളിയില്‍ കബറടക്കും. ഉമ്മ: സബ്രീന. സഹോദരന്‍: അബിന്‍.