ഇന്ന് രാവിലെ ഇറച്ചിവാങ്ങാനിറങ്ങിയപ്പോള്‍ വഴിയില്‍ കണ്ട സുഹൃത്തില്‍ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങി; ഉച്ചകഴിഞ്ഞപ്പോള്‍ കോടീശ്വരന്‍; ക്രിസ്മസ് ബംപര്‍ വിജയി ഇതാ ഇവിടെയുണ്ട്


കോട്ടയം: ഈ വര്‍ഷത്തെ ക്രിസ്മസ് – പുതുവത്സര ബംപര്‍ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയം സ്വദേശിക്ക്. കോട്ടയത്തെ പെയിന്റിംഗ് തൊഴിലാളിയായ കുടയംപടി സ്വദേശി സദാനന്ദനാണ് ഭാഗ്യശാലി.

തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ന് രാവിലെയാണ് ബംപര്‍ ടിക്കറ്റ് സദാനന്ദന്റെ കയ്യിലെത്തിയത്. വീട്ടില്‍ നിന്ന് ഇറച്ചിവാങ്ങാനായി രാവിലെ പുറത്തിറങ്ങിയതായിരുന്നു. വഴിക്കുവെച്ച് സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരന്‍ ശെല്‍വനെ കണ്ടു. ഏതെങ്കിലും ഒരു ടിക്കറ്റ് തന്നേക്കൂവെന്ന് പറഞ്ഞപ്പോള്‍ ശെല്‍വന്‍ വില്‍ക്കാന്‍ ബാക്കിയുണ്ടായിരുന്ന ബംപര്‍ ടിക്കറ്റ് തന്നെ നല്‍കി. ഉച്ചകഴിഞ്ഞപ്പോള്‍ സദാനന്ദന്‍ കോടീശ്വരനുമായി.

അന്‍പത് വര്‍ഷത്തിലേറെയായി പെയിന്റിംഗ് തൊഴില്‍ ചെയ്തു ജീവിക്കുന്നയാളാണ് അദ്ദേഹം. ഒന്നര രൂപ കൂലിക്ക്‌ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാര്‍ഗ്ഗം. കടബാധ്യതകളെല്ലാം തീര്‍ത്ത് മക്കള്‍ക്കുവേണ്ടി പറ്റാവുന്ന എന്തെങ്കിലും ചെയ്യണമെന്നുമാണ് സദാനന്ദന്റെ ആഗ്രഹം.