കൊയിലാണ്ടിയിലെ റെയിൽപ്പാളങ്ങളും കുരുതിക്കളങ്ങളാകുന്നു; ഇന്നലെയും ഇന്നുമായി ട്രെയിൻ തട്ടി മരിച്ചത് മൂന്നുപേർ


കൊയിലാണ്ടി: ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ കൊയിലാണ്ടിയില്‍ തുടര്‍ക്കഥയാവുകയാണ്. ഇന്ന് ഇതുവരെ രണ്ട് പേരെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തും കോരപ്പുഴ പാലത്തിന് വടക്കുഭാഗത്തുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കോടഞ്ചേരി പുതുപ്പാടി നൂറാം തോട് കിഴക്കയില്‍ വീട്ടില്‍ മാത്യുവിനെ (71)യാണ് മേല്‍പ്പാലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8 മണിയോടെയാണ് സംഭവം. കാട്ടില്‍പ്പീടിക വള്ളില്‍ക്കടവ് റോഡില്‍ പടന്നയില്‍ കൗസുവിനെയാണ് കോരപ്പുഴ പാലത്തിന് വടക്കുഭാഗത്തായി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച മൂടായിലും ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മൂടാടി സ്വദേശി വളര്‍ക്കുുനി കുഞ്ഞിക്കണാരനായിരുന്നു മരിച്ചത്.

ഇന്നത്തെ സംഭവം അടക്കം ഒരു മാസത്തിനുള്ളിൽ 8 പേരാണ് ട്രെയിന്‍തട്ടി കൊയിലാണ്ടിയില്‍ മരണപ്പെട്ടത്. തിക്കോടി സ്വദേശി അമല്‍ രാജ്, തമിഴ്നാട് സ്വദേശി ഇളവഴുതിരാജ, പതിയാരക്കര സ്വദേശി മുഹമ്മദ് ഷാഫി, കൊയിലാണ്ടി സ്വദേശി മുകുന്ദന്‍, പന്തലായനി ബീന എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ട്രെയിന്‍ തട്ടിയും, ട്രെയിനില്‍ നിന്ന് വീണും മരിച്ചത്. ഇലവഴുതി രാജ ട്രെയിനില്‍ നിന്ന് കാല്‍ വഴുതി വീഴുകയും മറ്റുള്ളവര്‍ ട്രെയിന്‍ തട്ടി മരിക്കുകയുമായിരുന്നു.

കൊയിലാണ്ടി ദേശീയപാതയിൽ അപകടങ്ങൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ റെയിൽവേ അപകടങ്ങൾ തുടര്കഥയാവുന്നതും ഏറെ ആശങ്ക സൃഷ്ടിക്കുന്നു. പ്രായഭേദമന്യേ ചെറുപ്പക്കാർ മുതൽ വയോധികർ വരെ അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്.

കൊയിലാണ്ടിക്കാരെ…… ഏറെ സൂക്ഷിക്കേണം….

[vote]