ഇനി വിശന്നിരിക്കണ്ട; ജില്ലയിലെ എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടല്‍


കോഴിക്കോട്: പണം കുറവായതു കൊണ്ട് ഇനി വിശന്നിരിക്കേണ്ട, കുറഞ്ഞ ചെലവില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ ജില്ലയിലുടനീളം സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നു. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടല്‍ വീതം ആരംഭിക്കാനാണ് പദ്ധതി. അശരണർക്ക് കൈ താങ്ങാകുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ഒരു ഊണിനു ഇരുപത് രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്, ഇതിൽ ഓരോ അഞ്ച് രൂപ വീതം സര്‍ക്കാര്‍ നല്‍കും. ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കില്‍ ലഭ്യമാക്കുക വഴി സംസ്ഥാനത്ത് പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം, സുഭിക്ഷ ഹോട്ടല്‍.

 

കിടപ്പു രോഗികള്‍, അശരണര്‍ തുടങ്ങി സമൂഹത്തിൽ ബുദ്ധിമുട്ടനുഭവപ്പെടുന്ന എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. കിടപ്പു രോഗികള്‍, അശരണര്‍ എന്നിവര്‍ക്ക് ഉച്ചഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ഊണ് ഒന്നിന് ഭക്ഷണത്തിന്റെ വിലയായ 25 രൂപയ്ക്കും കൈകാര്യ ചെലവായ അഞ്ച് രൂപയ്ക്കും പുറമെ ന്യായമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജും സുഭിക്ഷ കമ്മറ്റിയുടെ അഗീകാരത്തോടെ ചെലവഴിക്കാം.

പ്രാരംഭ ചെലവുകള്‍ക്കായി ഓരോ ഹോട്ടലിനും പരമാവധി 10 ലക്ഷം രൂപ വരെയും ഹോട്ടലിന്റെ തുടര്‍ നടത്തിപ്പിനുള്ള മറ്റ് ചെലവുകളും അനുവദിക്കും. ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള കുടുബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, സഹകരണ സംഘങ്ങള്‍ എന്നിവരെ ഹോട്ടല്‍ നടത്തിപ്പിനായി പരിഗണിക്കും.

ഉച്ചഭക്ഷണത്തിനു മാത്രമായിരിക്കും സബ്‌സിഡി. പ്രഭാത ഭക്ഷണവും, സായാഹ്ന ഭക്ഷണവും മറ്റു സ്‌പെഷല്‍ വിഭവങ്ങളും എ. ഡി. എം അദ്ധ്യക്ഷനായ സുഭിക്ഷ കമ്മറ്റി നിശ്ചയിക്കുന്ന നിരക്കില്‍ വിതരണം ചെയ്യാം.