ഇടിക്കട്ടയും ഇരുമ്പുവടിയുമായി ഓട്ടോയെ പിന്തുടർന്ന് നാൽവർ സംഘത്തിന്റെ ആക്രമണം; ബി.ജെ.പി പ്രവർത്തകന് നേരെ വധശ്രമമെന്ന് ആരോപണം


കൊയിലാണ്ടി: ബി.ജെ.പി പ്രവർത്തകന് നേരെ വധശ്രമം. കൊയിലാണ്ടി ഉപ്പാല കണ്ടി ആർഷിദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ ചെങ്ങോട്ട്കാവ് കവലാട് വെച്ചാണ് സംഭവം. ക്ഷേത്ര പൂജാരിയും ബി.ജെ.പി പ്രവർത്തകനുമായ ആർഷിദിനെ എസ്.ഡി.പി.ഐ സംഘമാണ് അക്രമിച്ചതെന്നാണ് ആരോപണം.

ഇന്നലെ രാത്രി കാപ്പാട് ഓട്ടോയിൽ ആളെ ഇറക്കി തിരിച്ചു വരുകയായിരുന്നു ആർഷിദ്. ഓട്ടോയെ പിന്തുടർന്ന് വന്ന നാലംഗ സംഘം ഒരുമിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ഇരുമ്പ് വടി മുതലായ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഉപദ്രവം. ആക്രമണത്തിൽ പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി മെഡിക്കൽ കോളെജിലെക്ക് മാറ്റി.

വിവരമറിയിച്ചതിനെ തുടർന്ന് റൂറൽ എസ്.പി. എ. ശ്രീനിവാസ്, ഡി. വൈ.എസ്.പി.അബ്ദുൾ ഷെരീഫ്, സി.ഐ എൻ.സുനിൽകുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും, ഏരിയാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ് കിഷ്, ജില്ലാ ട്രഷറർ വി.കെ.ജയൻ, വായ നാരി വിനോദ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഏരിയ പ്രസിഡണ്ട് രവി തുടങ്ങിയവർ ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

വൈകീട്ട് ഹാർബർ മുതൽ കവലാട് വരെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഹാർബറിൽ എസ്.ഡി.പി.ഐ.യുടെ വാഹന ജാഥയിൽ പ്രകോപനപരമായ പ്രസംഗം ഉണ്ടായപ്പോൾ ബി.ജെ.പി.പ്രവർത്തകർ തടഞ്ഞിരുന്നു.