ആയഞ്ചേരിയില്‍ ഓട്ടത്തിനിടെ റോഡ് റോളറിന്റെ ടയര്‍ ഊരിത്തെറിച്ചു; 25 മീറ്ററിലധികം റോഡിലൂടെ നിരങ്ങി നീങ്ങി വമ്പന്‍ ടയര്‍


വടകര: റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്റെ ചക്രം ഊരത്തെറിച്ചു. കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്റെ ഒരു വശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ റോഡ് റോളര്‍ അല്‍പ്പ ദൂരം റോഡില്‍ ഉരഞ്ഞില്‍ നീങ്ങി നിന്നു. ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ ഞായറാഴ്ചയാണ് സംഭവം.

റോഡിലൂടെ പോവുകയായിരുന്ന റോഡ് റോളറില്‍ നിന്ന് വലിയ ശബ്ദത്തോടെയാണ് ചക്രം ഊരിത്തെറിച്ചത്. 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങിയതിന് ശേഷമാണ് ചക്രം നിലത്ത് വീണത്. അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാവാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.