ആത്മധൈര്യത്തിന്റെ തീരത്തു; ഇരു കൈകളില്ലാതെ ആലുവ പുഴ നീന്തി കയറി കോഴിക്കോട്ടുകാരൻ ആസിം


കോഴിക്കോട്: ഇരു കൈകളും തുഴ പോലെ മുന്നോട്ട് വീശിവീശിയാണ് എത്ര പ്രഗത്ഭരായാലും നീന്തറുള്ളത്. അപ്പോൾ പിന്നെ കൈ ഇല്ലെങ്കിൽ എന്ത് ചെയ്യും? നീന്തൽ കണ്ടുകൊണ്ട് കരയ്ക്കിരിക്കാ എന്നാവും നമ്മൾ കരുതുക. പക്ഷെ ജന്മനാ രണ്ട് കൈകളും ഇല്ലാത്ത ആസിം ഈ ചിന്താഗതിക്ക് എതിരാണ്. പെരിയാർ നദി തീരത്തോട് തീരം നീന്തികടക്കുവാൻ ആസിമിന് തന്റെ വൈകല്യം ഒരു തടസ്സമേ ആയിരുന്നില്ല. കൈ ഇല്ലാത്തതു മാത്രമല്ല ആസിമിന്റെ പ്രശ്നം. ജനിച്ചതേ തൊണ്ണൂറു ശതമാനം വൈകല്യത്തോടെയായിരുന്നു. പക്ഷെ മനസ്സ് മടുത്തിരിക്കുവാൻ ആസിം തയ്യാർ ആയിരുന്നില്ല.

പെരിയാർ നദിയുടെ ഏറ്റവും വീതി കൂടിയ ഭാഗം നീന്തി കടന്ന് കൊണ്ട് വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോടുകാരന് ആസിം. ആസിമിന്റെ കഥ കരളുറപ്പിന്റേതാണ്, ചങ്കൂറ്റത്തിന്റേതാണ് , ഒപ്പം എന്തും നേടിയെടുക്കാൻ കൂടെ നിന്ന ഒരു ഉപ്പയുടെയും ഉമ്മയുടെയും കഥ…

കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ മുഹമ്മദ് ഷഹീദ് യമാനി- ജംസീന ദമ്പതികകളുടെ പ്രഥമപുത്രനാണ് മുഹമ്മദ് ആസിം.

ഉമ്മയുടെ ഗർഭകാലം സുഗമമായി മുന്നോട്ടുപോകുമ്പോഴാണ് പ്രശ്‌നങ്ങൾ തലപൊക്കി തുടങ്ങുന്നത്. നാലാം മാസം ആയപ്പോഴേക്കും ഡോക്ടർമാരടക്കം പലരും ‘ഈ കുട്ടി വേണ്ട, ഇത് ജനിക്കാതിരിക്കുന്നതാണ് നല്ലത്’ എന്ന് പറഞ്ഞു. കുട്ടിക്ക് വളർച്ചയില്ല എന്നതായിരുന്നു കാരണം. ഇതുമൂലമുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളും അവർ വിശദമാക്കി.

ആദ്യമൊന്നു പതറിയെങ്കിലും തങ്ങളുടെ കുഞ്ഞിനെ വേണ്ടെന്നു വെയ്ക്കാൻ ആ ഉപ്പയ്ക്കും ഉമ്മയ്ക്കും ആവുമായിരുന്നില്ല. എന്താണെങ്കിലും ഈ കുഞ്ഞിനെ പ്രസവിച്ച് വളർത്തുമെന്നവർ തീരുമാനമെടുത്തു. ഒരു വൈകല്യങ്ങളുടെ പേരിലും മകനെ വിധിക്കു വിട്ടുനൽകാൻ അവർ തയ്യാറായിരുന്നില്ല. അവനു വേണ്ടുന്ന പരിശീലനങ്ങൾ നൽകാനും പരിപാടികൾക്ക് കൊണ്ടുപോകുവാനും അവർ വളരെ ഉത്സാഹമുള്ളവരായിരുന്നു. മെല്ലെ മെല്ലെ വിജയവും റെക്കോർഡുകളും അവന്റെ സഹയാത്രികരായി.

ആലുവ പെരിയാർ നദിയുടെ ഏറ്റവും വീതി കൂടിയ ഭാഗം നീന്തി കടന്നതാണ് ആസിമിന്റെ പേരിലുള്ള ഏറ്റവും പുതിയ നേട്ടം. വെറും രണ്ടാഴ്ച നടത്തിയ പരിശീലനത്തിലാണ് ഈ യുവാവ് ഈ നേട്ടം കരസ്ഥമാക്കിയത്. സാഹസിക നീന്തൽ പരിശീലകൻ സജി വാളശ്ശേരിക്കൊപ്പമാണ് മുഹമ്മദ് ആസിം പുഴ നീന്തി കടന്നത്.

കുട്ടികളുടെ നോബൽ പുരസ്കാര മേഖലയിൽ മൂന്നാം സ്ഥാനം നേടി ആഗോളശ്രദ്ധ കൈവരിച്ചത് മാസങ്ങൾക്ക് മുമ്പായിരുന്നു. കുട്ടികളുടെയും അംഗപരിമിതി ഉള്ളവരുടെയും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പോരാടുന്ന ഒരു പോരാളിയെന്ന നിലയിലും ആസിം ജനശ്രദ്ധയാകർഷിച്ചു.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഓമശ്ശേരിക്കടുത്ത് വെളിമ്മണ്ണ എന്ന കൊച്ചു ഗ്രാമത്തിന്റെ അഭിമാനമാണ് ഇന്ന് ഈ യുവാവ്, ബാക്കിയുള്ളവർക്ക് അത്ഭുതവും.

ജന്മനാ ഇരുകൈകൾ ഇല്ലാതിരുന്നിട്ടും നിരവധി ശാരീരിക വെല്ലുവിളികൾ അലട്ടുന്നുണ്ടെങ്കിലും പരിമിതികളിൽ തളരാത്ത ആസിമിനും അവന്റെ കൈകളായി പൂർണ്ണ പിന്തുണയോടെ കൂടെ നിൽക്കുന്ന ഉപ്പക്കും ഉമ്മക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ ബിഗ് സല്യൂട്ട്.