ആഢംബരക്കാറുകള്‍ക്കും മറ്റ് സ്വകാര്യവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാം, ഓട്ടോ നിര്‍ത്തിയിടാന്‍ പാടില്ല; കൊയിലാണ്ടി ട്രഷറി പരിസരത്തെ അപ്രഖ്യാപിത വിലക്കില്‍ വലഞ്ഞ് പെന്‍ഷന്‍കാര്‍


കൊയിലാണ്ടി ട്രെഷറിയില്‍ ഒരു പേപ്പര്‍ കൊടുക്കാന്‍ വേണ്ടി ഒരു ഓട്ടോ വിളിച്ച് ഞാന്‍ ട്രഷറിയുടെ കോമ്പൗണ്ടിലെത്തി ഓട്ടോ ഡ്രൈവറോട് ഒരുമിനിറ്റ് കാത്തിരിക്കാന്‍ പറഞ്ഞു. ഞാന്‍ ട്രഷറിക്കുള്ളിലേക്ക് പോയി. പക്ഷേ തിരിച്ചുവന്നപ്പോള്‍ ഓട്ടോ അവിടെ ഇല്ലായിരുന്നു.അന്വേഷിച്ചു ചെന്നപ്പോള്‍ പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി.’ കൊയിലാണ്ടി കോടതി വളപ്പിലുള്ള ട്രഷറിയില്‍ പോയ അനുഭവം വിവരിച്ചുകൊണ്ട് റിട്ടയേര്‍ഡ് അധ്യാപകന്‍ ശശീന്ദ്രന്‍ പാണകല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണിത്. പെന്‍ഷന്‍ വാങ്ങാനും മറ്റുമായി ട്രെഷറിയിലെത്തുന്ന പ്രായമായവരും അവശതയുള്ളവരുമായ പലയാളുകള്‍ക്കും സമാനമായ ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്.

ട്രഷറി പരിസരത്ത് ഓട്ടോ റിക്ഷകള്‍ നിര്‍ത്തിയിടാനുള്ള അപ്രഖ്യാപിത വിലക്കാണ് ഇവര്‍ക്ക് വിനയാകുന്നത്. ‘ കോടതിയില്‍ നിന്ന് ഒരു ജീവനക്കാരി വന്നു പറഞ്ഞത്രെ, ഓട്ടോ ഇവിടെ നിര്‍ത്തിയിടാന്‍ പാടില്ല.’ എന്നാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസിലായതെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ കുറിപ്പിനു താഴെ മറ്റുചിലരും സമാനമായ അനുഭവം പങ്കുവെച്ചിരുന്നു. ‘ നടക്കാന്‍ വയ്യാത്ത ഒരു സ്ത്രിയുമായി റോഡ് വികസനവുമായി ബന്ധപ്പെട്ട് ട്രഷറിയില്‍ ഒപ്പിടാന്‍ പോയ സമയത്ത് എന്നെ കോടതിയുടെ ഭാഗത്ത് നിന്ന് ഓടിച്ചുവിട്ടിട്ട് ഇതേ കാരണമാണ് എന്നോടും പറഞ്ഞത്.’ എന്നാണ് ഇബ്രാഹിം കുട്ടി കുറിച്ചത്.

കോടതികള്‍ക്കും ട്രഷറിക്കും ഒരു ഗേറ്റാണ് നിലവിലുള്ളത്. കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ന്യായാധിപര്‍, അഭിഭാഷകര്‍, കോടതികളിലെയും ട്രഷറിയിലെയും ജീവനക്കാര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഇവിടെയാണ്. അവശതയുള്ളവരെ കൊണ്ടുവരുന്ന ഓട്ടോറിക്ഷകള്‍ കോടതിക്ക് മുന്നിലൂടെ സമീപത്തുള്ള ട്രഷറിയിലേക്ക് വരണം. രാവിലെ പത്തുമണിയോടെ കോടതി-ട്രഷറി പരിസരം വാഹനങ്ങള്‍കൊണ്ട് നിറയും. പ്രതികളുമായും അല്ലാതെയും വരുന്ന പോലീസ് വാഹനങ്ങള്‍ വേറെയും. ഇതിനിടയിലൂടെ പെന്‍ഷന്‍ വാങ്ങാനും മറ്റും വല്ലപ്പോഴും ട്രഷറിയിലേക്ക് ഓട്ടോറിക്ഷയില്‍ വരുന്ന മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ ശാരീരിക അവശതയനുഭവിക്കുന്നവരുടെയും വണ്ടികള്‍ മാത്രം ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

മുമ്പ് കോടതികളും താലൂക്കോഫീസും ട്രഷറിയും പ്രവര്‍ത്തിച്ചത് ഇവിടെയായിരുന്നു. അക്കാലത്ത് കോടതിക്ക് മുന്നിലായി ഒരു ചെറിയ ഗേറ്റുണ്ടായിരുന്നു. വലിയ ഗേറ്റിലൂടെയാണ് മൂന്ന് സ്ഥാപനങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ പ്രവേശിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് താലൂക്കോഫീസ് മിനി സിവില്‍സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സ്ഥലസൗകര്യം ലഭിച്ചു. എന്നാല്‍ അനുദിനം വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലാതെയായി. ട്രഷറി പരിസരത്തെ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാത്തതും പാര്‍ക്കിങ്ങിനെ ബാധിക്കുന്നുണ്ട്.

പാര്‍ക്കിങ് പരിമിതികളുണ്ടെന്നത് ശരിയാണെങ്കിലും ആഢംബരക്കാറുകള്‍ പ്രവേശിപ്പിക്കുകയും സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് മാത്രം വിലക്കു കല്‍പ്പിക്കുന്നതിനെതിരെ ഓട്ടോറിക്ഷാ ജീവനക്കാര്‍ക്കിടയിലും പെന്‍ഷന്‍കാര്‍ക്കിടയിലും വിമര്‍ശനം ശക്തമായിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ട്രഷറി പരിസരത്തെത്താനും അല്പസമയം നിര്‍ത്തിയിടാനുമുള്ള സൗകര്യം വേണമെന്നാണ് പെന്‍ഷന്‍കാര്‍ ആവശ്യപ്പെടുന്നത്.