അല്‍ സദ്ദിന്റെ, ഹസന്‍ ഹൈദോസിന്റെ ഹൃദയം കീഴടക്കിയ പയ്യോളിക്കാരന്‍ മൂസ; അവിസ്മരണീയമായ യാത്രയയപ്പ് നല്‍കി ഖത്തര്‍ ചാമ്പ്യന്‍ ക്ലബ്ബ് അംഗങ്ങള്‍


ര്‍ഷങ്ങള്‍ക്കുമുമ്പ് നാടും കുടുംബവും വിട്ട് ഖത്തറിലേക്ക് യാത്ര തിരിക്കുമ്പോഴുണ്ടായ അതേ വേദനയോടെയും വിരഹത്തോടെയുമാണ് ഇന്ന് മൂസ ഖത്തറില്‍ നിന്നും വിടവാങ്ങുന്നത്. ഒരു കുടുംബമായി കഴിയുന്ന ക്ലബ് വിട്ടുളള മടക്കം മൂസയ്ക്ക് നെഞ്ചുനുറുങ്ങുന്ന വേദനയാണ്. അതിലേറെ വേദനയോടെയാണ് ഒരു രക്ഷിതാവിനെയോ കൂട്ടുകാരനെയോ പോലെ കാല്‍നൂറ്റാണ്ട് ഒപ്പം നിന്നിരുന്ന തങ്ങളുടെ എല്ലാമെല്ലാമായ ഷെയ്ക്ക് മൂസയെ അല്‍ സദ്ദ് ക്ലബ് അംഗങ്ങള്‍ യാത്രയയച്ചത്.

മൂസ എത്രത്തോളം അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് വെളിവാക്കുന്നതാണ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിക്കൊണ്ട് കഴിഞ്ഞദിവസം അല്‍ സദ്ദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ. അല്‍ സദ്ദിന്റെ അമരക്കാരനായി ഒടുക്കം സേവനം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുകയാണ് പയ്യോളി അയനിക്കാട് സ്വദേശി മൂസ. ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഖത്തര്‍ ദേശീയ ടീം നായകന്‍കൂടിയായ ഹസന്‍ ഹൈദോസും സൂപ്പര്‍താരം അകം അഫീഫിയും റോഡ്രിഗോ തബാതയുമെല്ലാം കെട്ടിപ്പിടിച്ച് മൂസയോട് യാത്ര പറയുകയാണ്. സ്പാനിഷുകാരനായ പരിശീലകന്‍ ഗാവി ഗാര്‍ഷ്യയും സഹപരിശീലകും ടീം അംഗങ്ങളുമെല്ലാം ഉണ്ട്.

പോസ്റ്റിനു കീഴില്‍ മൂസയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ബാഴ്‌സലോണയില്‍ നിന്ന് പരിശീലകന്‍ ചാവി ഹെര്‍ണാണ്ടസിന്റെ സന്ദേശവുമുണ്ട്. എല്ലാ സ്‌നേഹവായ്‌പ്പോടും കൂടി അദ്ദേഹം പറയുന്നു, ‘മൂസാ ആശംസകള്‍ ‘നാട്ടിലേക്ക് മടങ്ങും മുമ്പ് കാണണം’ . ഇന്ത്യന്‍ ഇതിഹാസം ഐ.എം വിജയനും ആംശകളയറിച്ചിട്ടുണ്ട്. മൂന്നുമിനിറ്റ് നീണ്ട വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം മൂസയെ ആദരിച്ചത്.

ഇവരെല്ലാം ഇത്രമാത്രം ആരാധനയോടെ കാണാന്‍ മാത്രം ആരായിരുന്നു അല്‍ സദ്ദിന് പയ്യോളിക്കാരനായ മൂസയെന്ന് ചോദിച്ചാല്‍ പറയാന്‍ ഏറെയുണ്ട്. സ്റ്റാഫ് റെക്കോര്‍ഡില്‍ അദ്ദേഹം വെറും കിറ്റ് മാനേജര്‍ മാത്രമാണ്. പക്ഷേ ക്ലബിലെ ഓരോ കളിക്കാരനും തന്റെ കഴിവും മികവും മനസ്സും മനസിലാക്കിയ സൂപ്പര്‍ കോച്ചാണ് ശൈഖ് മൂസയെന്ന് അവര്‍ വിളിക്കുന്ന മൂസ.

കളിയുടെയും ടൂര്‍ണമെന്റിന്റെയും സമ്മര്‍ദ്ദങ്ങളില്‍ കളിചിരിയും തമാശയുംകൊണ്ട് അതെല്ലാം കാറ്റില്‍ പറത്തുന്ന കൂട്ടുകാരനാണ് അവര്‍ക്ക് മൂസ. യുവത്വത്തിന്റെ കുസൃതി അതിര് കടക്കുമ്പോള്‍ വഴക്കുപറയുകയും ശാസിക്കുകയും നേര്‍വഴി കാട്ടുകയും ചെയ്യുന്ന കാരണവരാകും മൂസ. ജയിക്കുമ്പോള്‍ അവര്‍ക്കൊപ്പം അവരെക്കാളേറെ സന്തോഷിക്കും. പരാജയത്തിന്റെ വേദനയില്‍ തോളില്‍തട്ടി ആശ്വസിപ്പിക്കും.

1997ലാണ് മൂസ ഖത്തറിലേക്ക് വിമാനം കയറുന്നത്. പതിനഞ്ചുവര്‍ഷക്കാലത്തെ ബഹ്‌റൈന്‍ ജീവിതത്തിനുശേഷമായിരുന്നു ഖത്തറിലേക്കുള്ള യാത്ര. അല്‍സദ്ദ് എസ്.സിയുടെ സ്വിമ്മിങ് പൂള്‍ മാനേജറായായിരുന്നു തുടക്കം. അറബിയും ഇംഗ്ലീഷും ഹിന്ദുയുമെല്ലാം അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ജോലിയില്‍ മുതല്‍ക്കൂട്ടായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മൂസ കളിക്കാരുടെ പ്രിയപ്പെട്ടവനായി. അങ്ങനെ അവരുടെ അഭ്യര്‍ത്ഥ പ്രകാരം ടീമിന്റെ സ്റ്റാഫ് അംഗമായി.

കളിക്കാരനും കോച്ചുമായി ഏഴുവര്‍ഷം ചാവി അല്‍സദ്ദിന്റെ ഭാഗമായപ്പോള്‍ മൂസയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. എട്ടാം വയസ്സില്‍ ഹസന്‍ ഹൈദോസ് ക്ലബ്ബിലെത്തിയ കാലം ഒരു അച്ഛന്റെ സ്‌നേഹവാത്സല്യത്തോടെ മൂസയുടെ കരുതലുണ്ട്. ഇന്ന് ഖത്തറിന്റെ ദേശീയ ഹീറോയാണ് ഹൈദോസ്.

തിരിച്ചുപോകുകയാണെന്ന് മൂസ പറഞ്ഞപ്പോള്‍ ആദ്യം ക്ലബ്ബ് അംഗങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എല്ലാവരും നിരുത്സാഹപ്പെടുത്തി. പക്ഷേ, വേദനയുണ്ടെങ്കിലും തിരിച്ചുപോക്ക് അനിവാര്യമാണെന്ന് മൂസ തീരുമാനിച്ചു. ജനുവരി 31ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ മത്സരം കഴിഞ്ഞ് ഫെബ്രുവരിയില്‍ പയ്യോളിയിലേക്ക് മടങ്ങുകയാണ് മൂസ.  [vote]