അരിക്കുളത്ത് ജോലി ചെയ്യവെ സമ്പൂര്‍ണ്ണ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു, ദേശീയ പുരസ്‌കാരങ്ങളും തേടിയെത്തി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തില്‍ നാടിന്റെ പ്രിയ ഡോക്ടര്‍ സന്ധ്യ കുറുപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറാണ് സന്ധ്യ കുറുപ്പ്. കോവിഡിന്റെ ആദ്യ തരംഗങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ കൊയിലാണ്ടിയുടെ കോവിഡ് നോഡല്‍ ഓഫീസറായി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സന്ധ്യ കുറുപ്പിന്റെ പ്രവര്‍ത്തനഘങ്ങള്‍ വളരെ മാതൃകാപരമാണ്. ഇതെല്ലാം തന്നെയാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട പട്ടികയില്‍ അവര്‍ക്ക് ഇടം നല്‍കിയത്.

വടകര എടോടി സ്വദേശിയാണ് ഡോ. സന്ധ്യ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡോ. സന്ധ്യ മെഡിസിനില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് 2000 ത്തിലാണ് അവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്തുന്നത്.

മേപ്പയ്യൂരിലാണ് ഡോ. സന്ധ്യ ആദ്യമായി ജോലിക്കെത്തുന്നത്. തുടര്‍ന്ന് അരിക്കുളം, കാക്കൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അരിക്കുളം പഞ്ചായത്തിനെ സമ്പൂര്‍ണ്ണ അന്ധതാ നിവാരണ പഞ്ചായത്തായി മാറ്റുന്നതിനായി ഡോ. സന്ധ്യ പ്രവര്‍ത്തിച്ചു. മൂന്ന് കൊല്ലം മുമ്പാണ് അവര്‍ കൊയിലാണ്ടിയിലേക്ക് എത്തുന്നത്.

ആതുരസേവന രംഗത്ത് മാത്രമല്ല, അക്കാദമിക രംഗത്തും, സാമൂഹ്യ സേവന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഡോ. സന്ധ്യ സജീവമാണ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ) കോഴിക്കോട് വൈസ് പ്രസിഡന്റാണ് ഡോ. സന്ധ്യ. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) കോഴിക്കോട് സെക്രട്ടറി, ഐ.എം.എ വനിതാ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. പാലിയറ്റീവ് പ്രവര്‍ത്തനങ്ങളിലും ഡോ. സന്ധ്യ സജീവമാണ്.

മികച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ 2020 ല്‍ ഐ.എം.എയുടെ പുരസ്‌കാരവും ഡോ. സന്ധ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ. സന്ധ്യയ്ക്ക് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു. അസുഖം വരുന്നത് ഒരു നല്ല കാര്യമല്ല എന്നും എല്ലാവരും കരുതലോടെയിരിക്കണമെന്നുമാണ് ഡോ. സന്ധ്യ കുറുപ്പ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ സാമൂഹ്യ അകലമാണ് പ്രധാനം. കൂടാതെ നിര്‍ദ്ദേശിക്കപ്പെട്ട തരം മാസ്‌ക് ധരിക്കുകയും സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും വേണം. കഴിവതും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ഡോ. സന്ധ്യ പറയുന്നു.

ഡോ. സന്ധ്യ കുറുപ്പിനെ കൊയിലാണ്ടിയുടെ വാർത്താതാരമായി തെരഞ്ഞെടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.