അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ചു; തിരുവനന്തപുരത്ത് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം (വീഡിയോ കാണാം)



തിരുവനന്തപുരം:
അമിത വേഗത്തില്‍ വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ വഴയിലയിലാണ് സംഭവം.

നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16). മുല്ലപ്പന്‍ (16) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അമിതവേഗതയാണ് അപകടത്തിന് കാരണം. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് കുഴിയിലേക്ക് വീഴുകയായിരുന്നു. മൂന്ന് പേരും കുഴിയിലേക്ക് തെറിച്ചു വീണു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് മൂന്ന് പേരെയും പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.


മൂന്ന് മൃതദേഹങ്ങളും പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്.

വീഡിയോ കാണാം: