അത്തോളി സ്വദേശി ഡോ.ബിനു ശേഖറിന് വ്യോമസേനയുടെ ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് ബഹുമതി


കൊയിലാണ്ടി: ബെംഗളൂരു മിലിട്ടറി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എയ്റോ സ്പെയ്സ് മെഡിസിനില്‍ ജോലി ചെയ്യുന്ന അത്തോളി സ്വദേശി ലഫ്റ്റനന്റ് കേണല്‍ ഡോ.എം.ബിനു ശേഖറിന് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് ബഹുമതി ലഭിച്ചു. റിപ്പബ്ലിക്ക് ദിനത്തിലാണ് സൈന്യത്തിന്റെ ഈ വിശിഷ്ട ബഹുമതി ബിനു ശേഖറിന് ലഭിച്ചത്. സൈന്യത്തിന് നല്‍കുന്ന മികച്ച സംഭവനകളെ പരിഗണിച്ചാണ് ഇത്തരം ബഹുമതികള്‍ നല്‍കുക.

തേജസ് യുദ്ധ വിമാനം ഇന്ത്യന്‍ സൈനികര്‍ക്ക് പറത്താവുന്ന വിധത്തില്‍ കോക്ക്പിറ്റ് രൂപ കല്‍പ്പന ചെയ്യുന്ന പ്രൊജക്ടില്‍ ഡോ.ബിനു ശേഖര്‍ ഉള്‍പ്പെട്ടിരുന്നു. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനം ഇന്ത്യന്‍ പൈലറ്റുകള്‍ക്ക് അനായാസേന പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കോക്ക്പീറ്റില്‍ മാറ്റം വരുത്തണം.

ഇന്ത്യന്‍ പൈലറ്റിന്റെ ശരീര ഭാരം, ആരോഗ്യം, ഉയരം എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ പ്രോജക്ട് ഡോ.ബിനു ശേഖറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. ഇപ്പോള്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോ ബിനുശേഖറിന് എയര്‍ഫോഴ്സിന്റെ ബഹുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അത്തോളി കുറ്റ്യാടിചാലില്‍ (മിറാജ്) ശേഖരന്റെയും രമണിയുടെയും മകനാണ് ബിനുശേഖര്‍. ഭാര്യ ഡോ.ശിശിര കോഴിക്കോട് ഇ.എസ്.ഐ ആസ്പത്രിയിലെ ഡോക്ടറാണ്. മക്കള്‍: സങ്കേത്, സ്വാതി.