ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടേണ്ടത് പ്രതിപക്ഷത്തിന്റെ അവകാശമാണ്; കൊയിലാണ്ടി നഗരസഭ കൗണ്‍സിലില്‍ യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി- വീഡിയോ


 കൊയിലാണ്ടി: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. നഗരസഭയുടെ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഭരണപക്ഷം ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം കൗണ്‍സിലില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ അടുത്ത കൗണ്‍സില്‍ മറ്റ് വിഷയങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് അജണ്ടയില്‍ ചേര്‍ത്തിക്കുകയും ചെയര്‍പേഴ്‌സണ്‍ ക്രമത്തില്‍ മറുപടി പറയുകയും ചെയ്യണം. ഇത് പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശമാണ്. എന്നാല്‍ നഗരസഭയില്‍ ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ആ അവകാശത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് ഇന്നത്തെ പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

പ്രധാനമായും മൂന്ന് വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നഗരസഭയിലെ 39ാം വാര്‍ഡിലെ താലൂക്ക് ആശുപത്രി- തോട്ടുമുഖം ഡ്രെയിനേജ് നവീകരിക്കുന്നതിനായി എഴുപത്തിയൊന്‍പത് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട് എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് എടുക്കുകയോ പ്രവൃത്തി തുടങ്ങുകയോ ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ആയ രത്‌നവല്ലി ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പതിമൂന്നാം തിയ്യതി നടന്ന കൗണ്‍സില്‍ യോഗത്തില്‍ 39ാം വാര്‍ഡിലെ കൗണ്‍സിലര്‍ ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ രേഖാമൂലം എഴുതി നല്‍കുന്ന ചോദ്യങ്ങള്‍ക്കാണ് മറുപടി പറയാന്‍ കഴിയുക എന്നു പറഞ്ഞതിനാല്‍ കൗണ്‍സിലര്‍ ആയ അസീസ് മാസ്റ്റര്‍ ഈ കൗണ്‍സില്‍ യോഗത്തിന് മുമ്പായി ചോദ്യങ്ങള്‍ കൊടുത്തു. എന്നാല്‍ ഇത്തവണയും തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല.

മാപ്പിള ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ആ കെട്ടിടത്തിന് സി.എച്ച് മുഹമ്മദ് കോയയുടെ പേര് നല്‍കണമെന്ന് പറഞ്ഞുകൊണ്ട് 2018ല്‍ അഡ്വ. സത്യന്‍ ചെയര്‍മാന്‍ ആയിരുന്നിട്ടുള്ള കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുകയും അത് ഐകകണ്‌ഠേന പാസാക്കുകയും ചെയ്തിരുന്നു. മൂന്നുവര്‍ഷത്തിനിപ്പുറവും ഇത് നടപ്പിലായിട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴും ഭരണപക്ഷത്തിന് വ്യക്തമായ മറുപടിയില്ല. രാഷ്ട്രീയമായ ലക്ഷ്യങ്ങളാണ് ഈ തീരുമാനം മരവിപ്പിച്ചതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.പി ഇബ്രാഹിം കുട്ടി ആരോപിച്ചു.

കൊയിലാണ്ടി നഗരസഭയിലെ തെരുവുവിളക്കുകള്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ അടുത്ത പ്രശ്‌നം. ഒരു വര്‍ഷത്തിലേറെയായി പല വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ കത്തുന്നില്ല. നിരവധി തവണ കൗണ്‍സില്‍ വിഷയം ഉന്നയിച്ചിട്ടും ഇതുവരെ പരിഹാരമായിട്ടില്ല. സി.എഫ്.എല്‍ സ്ഥാപിക്കാന്‍ നഗരസഭ ടെണ്ടര്‍ വിളിക്കുകയും അതുപ്രകാരം ഒരു കമ്പനിക്ക് പ്രവൃത്തി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയിലെ വാര്‍ഡുകളില്‍ മാത്രമേ പ്രധാനമായും തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളൂ. ചോദിച്ചപ്പോള്‍ ടെണ്ടര്‍ എടുത്ത കമ്പനി ഉപകരണങ്ങള്‍ തീര്‍ന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോയിരിക്കുകയാണ്, അവര്‍ എപ്പോഴാണ് തിരിച്ചുവരികയെന്ന് അറിയില്ലെന്നുമാണ് മറുപടി പറയുന്നത്. തെരുവുവിളക്കുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്നാണ് പറഞ്ഞതെങ്കിലും പലയിടത്തും അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്തത്. അതാവട്ടെ ദിവസങ്ങള്‍ക്കകം പഴയ പടിയാവുകയും ചെയ്തു. സര്‍ക്കാറിന്റെ നിലാവ് എന്ന പദ്ധതിയ്ക്കു കീഴില്‍ കെ.എസ്.ഇ.ബി നേരിട്ട് തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്ന് കൗണ്‍സില്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ വാര്‍ഡുകളിലും പതിനഞ്ചോളം തെരുവുവിളക്കുകള്‍ മാത്രമാണ് സ്ഥാപിച്ചത്. അവ കെ.എസ്.ഇ.ബി തന്നെ അറ്റകുറ്റപ്പണി നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവ കേടുപാടുകള്‍ പറ്റിയാല്‍ പലതവണ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ അവര്‍ വന്ന് നന്നാക്കും എന്ന സ്ഥിതിയാണെന്നും രത്‌നവല്ലി ടീച്ചര്‍ പറഞ്ഞു.

ഓണ്‍ലൈനായാണ് ഇന്നത്തെ കൗണ്‍സില്‍ യോഗം നടന്നത്. കോവിഡ് മാനദണ്ഡപ്രകാരം അന്‍പത് പേര്‍ക്ക് യോഗങ്ങള്‍ പങ്കെടുക്കാം എന്നിരിക്കെ കൗണ്‍സില്‍ യോഗം ഓണ്‍ലൈനാക്കിയത് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഇന്നലെയും മെനയാന്നും അറുപതോളം പേരെ വെച്ച് കുടുംബശ്രീയുടെ പരിപാടിയും ശുചിത്വ പ്രഖ്യാപനവുമൊക്കെ നടത്തിയിരുന്നുവെന്നിരിക്കെയാണ് കൗണ്‍സില്‍ യോഗം മാത്രം ഓണ്‍ലൈനാക്കിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണാം: