സംസ്ഥാന സര്‍ക്കാറിന്റെ മഹാത്മാ പുരസ്‌കാരം നൊച്ചാട് ഗ്രാമപഞ്ചായത്തിന്


പേരാമ്പ്ര: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. 2020-21 വര്‍ഷത്തെ ആരോഗ്യ, കാര്‍ഷിക മേഖലകളിലെതുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നൊച്ചാട് പഞ്ചായത്തിനെ പുരസ്‌കാര ലബ്ധിയിലെത്തിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും സാധ്യമാക്കിയത്.

കൃഷിയും മൃഗ സംരക്ഷണവും സംയോജിപ്പിച്ച് കൊണ്ട് ‘സംയോജിത കാര്‍ഷിക വികസന പദ്ധതി’ നടപ്പാക്കി. ഇതിലൂടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന പഞ്ചായത്താകാന്‍ നൊച്ചാടിന് സാധിച്ചു. തരിശായി കിടക്കുന്ന പാടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രി, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പാടശേഖര സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ 120 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കപ്പ തണ്ട് വിതരണം ചെയ്തു. ഇടവിള കൃഷിയും നടപ്പാക്കി. ഇതിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പഞ്ചായത്തിന് സാധിച്ചു.

ആസ്തി വികസനം, റോഡ് വികസനം, മത്സ്യകൃഷി പദ്ധതി, മണ്ണ്-ജല സംരക്ഷണ പദ്ധതിയും പഞ്ചായത്തില്‍ നടപ്പിലാക്കി. തോടുകളുടെ സംരക്ഷണത്തിനായി കയര്‍-ഭുവസ്ത്ര പദ്ധതിയും നടപ്പാക്കി. കോവിഡ് പ്രതിരോധത്തിലും വാക്‌സിനേഷനിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയത്. ഭിന്നശേഷിക്കാരുടെ വീടുകളിലേക്ക് റോഡ് നിര്‍മ്മാണവും തദ്ദേശീയ റോഡുകളുടെ നവീകരണവും നടപ്പാക്കാന്‍ സാധിച്ചതിലൂടെ പഞ്ചായത്തില്‍ വികസനമുന്നേറ്റം കൊണ്ടുവരാന്‍ സാധിച്ചെന്ന് പ്രസിഡന്റ് പി.എന്‍ ശാരദ പറഞ്ഞു.