വന്യമൃഗശല്യത്താല്‍ ഉപജീവനം പ്രതിസന്ധിയില്‍, പൂഴിത്തോട് മേഖലയില്‍ നിന്ന് വനം വകുപ്പ് ഏറ്റെടുക്കുക 560 ഏക്കര്‍; സ്ഥലത്തിന്റെ അളവെടുപ്പ് ഉടന്‍


പേരാമ്പ്ര: വന്യമൃഗശല്യം രൂക്ഷമായ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മേഖലയില്‍ നിന്ന് വനം വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നു. സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി അപേക്ഷ നല്‍കിയവരുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത് ഉടന്‍ ആരംഭിക്കും. മേഖലയിലെ 175 കര്‍ഷകരാണ് സ്ഥലം വീട്ടുനല്‍കാന്‍ അപേക്ഷ നല്‍കിയത്. 560 ഏക്കര്‍ സ്ഥലമാണ് സ്ഥലമുടമകള്‍ വിട്ടുനല്‍കാന്‍ അപേക്ഷ നല്‍കിയത്.

വന്യമൃഗശല്യത്തെ തുടര്‍ന്ന് പ്രദേശത്തു നിന്നു ഉപജീവനമാര്‍ഗം തേടി പലരും മാറിപ്പോകുകയും കര്‍ഷകര്‍ താമസം മാറ്റുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് വനംവകുപ്പ് ഭൂമി ഏറ്റെടുക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി വനംവകുപ്പ് സ്ഥലം ഏറ്റെടുക്കും.

സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി തഹസില്‍ദാറും വില്ലേജ് ഓഫീസറും സബ് രജിസ്ട്രാറുമെല്ലാമടങ്ങുന്ന ഡിവിഷന്‍തല കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്ക് രൂപം നല്‍കിയിരുന്നു. അപേക്ഷ നല്‍കിയവരുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത് ഉടന്‍ തുടങ്ങും. ഈ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തും. അതിനുശേഷമാണ് അന്തിമ ഉത്തരവിറങ്ങുക.

ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട മാവട്ടം, രണ്ടാംചീളി, താളിപ്പാറ, കരിങ്കണ്ണി എന്നിവിടങ്ങളിലുള്ളവരാണ് സ്ഥലം വിട്ടുനല്‍കുന്നത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് വന്യമൃഗശല്യം കാരണം കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. കാട്ടുപന്നിയും കാട്ടാനയും കുരങ്ങനുമെല്ലാം കൃഷി സ്ഥലത്തെത്തി വിളകള്‍ നശിപ്പിക്കുന്നത് പതിവാണ്. തെങ്ങിന്റെ കൂമ്പ്ചീയലും കവുങ്ങ് മഞ്ഞളിപ്പുമെല്ലാം കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇതിനെ തുടര്‍ന്ന പലരും പ്രദേശത്തു നിന്നു മാറിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം ഏറ്റെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെയും വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം സ്ഥലം വിട്ടു നല്‍കാന്‍ അപേക്ഷ നല്‍കിയവരുടെ യോഗം ചേര്‍ന്ന് സ്ഥലം അളക്കുന്ന നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.