റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല; കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍, വിശദമായ അന്വേഷണത്തിന് ആര്.ടി.ഒ
കൊയിലാണ്ടി: റോഡ് മുറിച്ചു കടക്കവെ കൊല്ലം സ്വദേശി ശരത്തിനെ ഇടിച്ചിട്ട ടൈഗര്‍ എന്ന ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവറുടെ കാഴ്ചയെ മറക്കുംവിധം സ്റ്റിക്കറുകള്‍ പതിച്ചിരുന്നത് അപകടത്തിന് കാരണമായതായി ആരോപണം. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ മുകളിലായി ഏതാണ്ട് കാല്‍ഭാഗത്തിലേറെ ടൈഗര്‍ എന്ന പേര് എഴുതിയ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സൈഡില്‍ രണ്ടുഭാഗത്തും സ്റ്റിക്കറുകള്‍ ഒട്ടിച്ച നിലയിലാണ്. നടുവില്‍ ലിമിറ്റഡ് സ്റ്റോപ്പ് എന്ന ബോര്‍ഡും മരക്കാര്‍ എന്നെഴുതിയും ഒപ്പം ഇരുഭാഗത്തും കണ്ണൂര്‍, കോഴിക്കോട് എന്നെഴുതിയ സ്റ്റിക്കറും കൂടിയായപ്പോള്‍ മുന്ഭബാഗത്ത് നേരെ നിന്ന് മാത്രമേ ഡ്രൈവര്‍ക്ക് വ്യൂ കിട്ടൂവെന്ന സ്ഥിതിയാണ്.
അപകടം നടക്കുന്നതിന് മുമ്പ് ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടക്കവെ ശരത്ത് കൈകൊണ്ട് ആംഗ്യം കാണിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ബസിലെ ഡ്രൈവര്‍ ഇത് കണ്ടിരുന്നില്ല. ഡ്രൈവറുടെ കാഴ്ചകളെ മറക്കാന്‍ ഈ സ്റ്റിക്കറുകള്‍ കാരണമായിട്ടുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.
ഈ സാഹചര്യത്തില്‍ വാഹനം പരിശോധിക്കാന്‍ ആര്.ടി.ഒയ്ക്ക് അപേക്ഷ നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടമുണ്ടാക്കിയ ബസ് പരിശോധിക്കാന്‍ ജോയിന്റ് ആര്.ടി.ഒയുടെ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസില്‍ നിന്ന് അപേക്ഷ കിട്ടിയാലുടന്‍ വാഹനം പരിശോധിച്ച് ആവശ്യമെങ്കില്‍ ഫിറ്റ്നസ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രദേശത്ത് സര്‍വ്വീസ് നടത്തുന്ന പല സ്വകാര്യ ബസുകളുടെയും സ്ഥിതി ഇതാണ്. ഡ്രൈവറുടെ കാഴ്ചയെ അസ്വസ്ഥപ്പെടുത്തുന്ന തരത്തില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കരുത് എന്ന നിയമമുണ്ടെങ്കിലും പല സ്വകാര്യബസുകളും അതൊന്നും പരിഗണിക്കാത്തമട്ടിലാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമല്ല, അപകട സാധ്യത മുന്നില്‍കണ്ട് ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയാണ് വേണ്ടത്.