യു.ഡി.എഫ് അംഗങ്ങളുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും പ്രതിപക്ഷ ഇറങ്ങിപ്പോയതില്‍ വിശദീകരണവുമായി ചെയര്‍പേഴ്‌സണ്‍


കൊയിലാണ്ടി: നഗരസഭാ കൗണ്‍സിലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളെയും ഒരേപോലെ വികസന കാര്യത്തില്‍ ശ്രദ്ധിക്കുന്ന നഗരസഭ ഭരണത്തെ ഇകഴ്ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച യു.ഡി.എഫ് നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ചെയര്‍ പേഴ്‌സണ്‍ അറിയിച്ചു.

ഇന്ന് ചെയര്‍ പേഴ്‌സണിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം നടക്കവെ കൗണ്‍സില്‍ ഹാളിലെത്തി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷം മറുപടി നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്നാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.

39 ആം വാര്‍ഡിലെ താലൂക്ക് ആശുപത്രി – തോട്ടുമുഖം ഡ്രെയിനേജ് നവീകരിക്കുന്നതിനായി നഗരസഭ 82 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങുകയും ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് ചെയര്‍ പേഴ്‌സണ്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോഴാണ് ഇത് കേള്‍ക്കാതെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ബഹളം വെച്ചത്. ഒട്ടേറെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്ന പ്രധാന കൗണ്‍സില്‍ യോഗത്തില്‍ രാഷ്ട്രീയ പ്രേരിതമായും വികസന വിരുദ്ധമായുമാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിച്ചത്.

നഗരസഭയിലെ എല്‍.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ സമയബന്ധിത പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. കടലോരത്തെ മുഴുവന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെ 30 വാര്‍ഡുകളിലെ മുഴുവന്‍ ലൈറ്റുകളും നന്നാക്കി കഴിഞ്ഞു. മറ്റു വാര്‍ഡുകളിലെ പ്രവൃത്തി നടന്നു വരുന്നു. ലൈറ്റുകള്‍ നന്നാക്കുന്നില്ല എന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണപക്ഷം ആരോപിക്കുന്നു.

കൗണ്‍സിലര്‍മാര്‍ സംഘം ചേര്‍ന്ന് കൗണ്‍സില്‍ ഹാളിലേക്ക് കയറുകയും ഓണ്‍ലൈന്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അവര്‍ ആരോപിച്ചു. മറ്റു കൗണ്‍സിലര്‍മാരെല്ലാം വീടുകളിലും മറ്റുമായി ഓണ്‍ലൈനില്‍ പങ്കെടുക്കുമ്പോഴാണ് യു.ഡി.എഫ് അംഗങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ട് കൗണ്‍സില്‍ ഹാളില്‍ എത്തിയത്.

ഫെബ്രുവരി ഒന്നിന് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാനുള്ള പദ്ധതി റിവിഷന്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു പ്രധാനമായും ഇന്ന് കൗണ്‍സില്‍ ചേര്‍ന്നത്.