മകള്‍ പറഞ്ഞു, ‘ഉപ്പാ എനിക്ക് സ്വര്‍ണം വേണ്ടാ നമുക്ക് ആരെയെങ്കിലും സഹായിക്കാം; അന്ത്രുക്കായുടെ മനസ് നിറഞ്ഞു’ ഒരുപാട് കുടുംബങ്ങള്‍ക്ക് തണലൊരുക്കി മകളെ പുതുജീവിതത്തിലേക്ക് അയക്കുകയാണ് കൊഴുക്കല്ലൂര്‍ സ്വദേശി അന്ത്രു


മേപ്പയ്യൂര്‍: കല്ല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മകള്‍ ഷെഹ്ന ഷെറിന്‍ ‘എനിക്ക് സ്വര്‍ണാഭരണമൊന്നും വേണ്ട, ആ പണംകൊണ്ട് നമുക്ക് ആരെയെങ്കിലും സഹായിക്കാം’ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മനസ് നിറക്കുന്നതായിരുന്നു മകളുടെ ആ വാക്കുകള്‍. ഇക്കാലമത്രയുമുള്ള തന്റെ ജീവിതം മക്കള്‍ക്കു തന്നെ ഒരു മാതൃകയായതിന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിന്. പിന്നെ പെട്ടെന്നുതന്നെ പയ്യന്റെ വീട്ടുകാരോടും കാര്യം പറഞ്ഞു. അവര്‍ക്കും പൂര്‍ണസമ്മതം.

പിന്നെ തനിക്ക് കൂടുതലായൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ലയെന്നാണ് അന്ത്രു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ‘ അരിക്കുളം പഞ്ചായത്തില്‍ 21സെന്റ് സ്ഥലമുണ്ട്. വെള്ളവും മറ്റു സൗകര്യങ്ങളുമെല്ലാമുള്ള സ്ഥലം. അത് നാലുപേര്‍ക്ക് വീടുവെയ്ക്കാനായി നല്‍കാമെന്ന് തീരുമാനിച്ചു. മേപ്പയ്യൂരിലെ തനിമ ട്രെസ്റ്റാണ് അര്‍ഹരില്‍ അര്‍ഹരായ നാലു കുടുംബങ്ങളെ തെരഞ്ഞെടുത്തത്. ജാതിയും മതവുമൊന്നും അവിടെ പരിഗണനാവിഷയമായില്ല. അത് ദാനമായി നാലു കുടുംബങ്ങള്‍ക്ക് നല്‍കും’ അദ്ദേഹം പറഞ്ഞു.

‘ മേപ്പയ്യൂരിലെ ഡയാലിസിസ് സെന്ററിന് ഒരു ലക്ഷം രൂപ നല്‍കും. സുഗതന്‍ ചികിത്സാ സഹായ ഫണ്ടിലേക്കും അരിക്കുളം പ്രതീക്ഷാ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവക്കും ധനസഹായം നല്‍കും. വീടിന് അടുത്തായി വീടില്ലാത്ത ഒരു നിര്‍ധന കുടുംബമുണ്ട്. അവര്‍ക്ക് പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കാനായി ഫണ്ട് പാസായിട്ടുണ്ട്. അവരുടെ കോണ്‍ക്രീറ്റിന്റെ സിമന്റിനുവരുന്ന ചെലവ് വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു നിര്‍ധന കുടുംബത്തിന്റെ വീടിനുളള അറ്റകുറ്റപ്പണിക്കുള്ള ധനസഹായവും ഒരു അനാഥ പെണ്‍കുട്ടിയുടെ കല്യാണത്തിനുള്ള ധനസഹായവും നല്‍കുമെന്നും അന്ത്രു അറിയിച്ചു.

ഏറെ കഷ്ടപ്പാടിലൂടെ കടന്നുപോയ ആളാണ് താനെന്നും താന്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് അത്തരം ആളുകളെ സഹായിക്കണം എന്ന മനോഭാവം മനസില്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതമാണ് തന്റെ പ്രയാസങ്ങള്‍ക്ക് അറുതിയുണ്ടാക്കി തന്നത്. അവിടെയും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ മടി കാട്ടിയിരുന്നില്ല. മൂന്നുപതിറ്റാണ്ടിലേറെയുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ തന്നാലാവുംവിധം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാറുണ്ട്. മക്കളും ആ നന്മ തിരിച്ചറിഞ്ഞ് മുന്നോട്ടുവരുന്നത് വലിയ സന്തോഷമാണ്. ഈ ലോക്ക്ഡൗണ്‍ കാലത്ത് മകള്‍ കേക്ക് ഉണ്ടാക്കി വില്‍ക്കാറുണ്ടായിരുന്നു. അതില്‍ നിന്നും കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവാക്കുന്നത് കണ്ടപ്പോള്‍ ഏറെ അഭിമാനം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര സി.കെ.ജി കോളേജില്‍ നിന്നും ബി.കോം ബിരുദം നേടിയ ഷെഹ്ന ഷെറിന്‍ പി.ജി ചെയ്യാനുള്ള ഒരുക്കത്തിലാണ്. കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയാണ് ഷെഹ്നയെ ജീവിതസഖിയാക്കുന്നത്. ഇന്നാണ് ഇരുവരുടെയും വിവാഹം.