ബോട്ട് സര്‍വ്വീസ്, റോപ്പ് വേ, കുതിരസവാരി; ചങ്ങരോത്ത് പഞ്ചായത്തിലെ കൈതേരിമുക്കില്‍ വരുന്നു ഗ്രാമീണ റൂറിസം പദ്ധതി
പേരാമ്പ്ര: ഇവിടെ ഈ കൈതേരിമുക്കില്‍ കുറ്റ്യാടിപ്പുഴ ഏറെ മനോഹരിയാണ്. കാറ്റിലാടുന്ന മുളങ്കൂട്ടത്തിനിടയിലൂടെ ഒഴുകിയെത്തുന്ന പുഴയ്ക്കരികെ വിശാലമായ പച്ചപ്പ്. തണല്‍ മരങ്ങളുടെ ചോലയില്‍ ആരെയും ആകര്‍ഷിക്കുന്ന പ്രകൃതിഭംഗി. ഈ പ്രകൃതിരമണീയതയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുകയാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്.
ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി തോടത്താങ്കണ്ടിക്കും ചെറിയകുമ്പളത്തിനും സമീപത്തുള്ള പ്രദേശമാണ് കൈതേരിമുക്ക്. ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രവും ഇതിനടുത്താണ്. ഓരോ പഞ്ചായത്തിലും ഒരു സ്ഥലം വിനോദ സഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ടൂറിസം വകുപ്പിന്റെ നിര്‍ദേശപ്രകാരം ചങ്ങരോത്ത് പഞ്ചായത്തില്‍ ടൂറിസം സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയ ഇടമാണിത്.
60 ഏക്കറോളം പൊതുസ്ഥലം പുഴയോരത്തുണ്ടെന്നതാണ് കൈതേരിമുക്കിലെ അനുകൂലഘടകങ്ങളിലൊന്ന്. ആയിരത്തോളം മരങ്ങള്‍ പുഴയോരത്തുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വില്ലേജ് ടൂറിസംപദ്ധതിക്ക് രൂപംനല്‍കുക. ഇരിങ്ങല്‍ സര്‍ഗാലയയുടെ സഹകരണവും തേടും. ബോട്ട് സര്‍വീസ്, റോപ്പ് വേ, കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍, ഏറുമാടം, മരത്തിലെ ഊഞ്ഞാലുകള്‍, മണ്‍വീടുകള്‍, കുതിരസവാരി തുടങ്ങിയവയ്ക്കൊക്കെ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിവിധ തൊഴിലവസരവും ലഭ്യമാക്കും. മീന്‍പിടിത്തത്തിന്റെയും അഗ്രോ ടൂറിസത്തിന്റെയും സാധ്യതയും പ്രയോജനപ്പെടുത്തും. നാടിന്റെ തനത് ഭക്ഷ്യവിഭവങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കും. പെരുവണ്ണാമൂഴിക്ക് സമീപപ്രദേശമെന്ന നിലയില്‍ അവിടേയ്ക്കെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനുമാകും. ടൂറിസം പദ്ധതിയുടെ പ്രാഥമിക രൂപരേഖ പഞ്ചായത്ത് ടൂറിസം അധികൃതര്‍ക്ക് നേരത്തേ സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിയിലാണിപ്പോള്‍.
ടി.പി.രാമകൃഷ്ണന് എം.എല്‍.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്കൊപ്പം അടുത്തിടെ പ്രദേശം സന്ദര്‍ശിച്ചിരുന്നു. കൊല്ലംജില്ലയില്‍ ജടായു നേച്ചര്‍ പാര്ക്കിനുപിന്നില് പ്രവര്‍ത്തിച്ച സിനിമാസംവിധായകന്‍കൂടിയായ രാജീവ് അഞ്ചലും സ്ഥലം സന്ദര്‍ശിച്ച് വിനോദസഞ്ചാരസാധ്യതകള്‍ പരിശോധിച്ചു. ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തേ പ്രദേശത്തുവന്നപ്പോള് കൈതേരിമുക്ക് ടൂറിസം പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനംചെയ്തിട്ടുണ്ട്.