ഫലംകണ്ടത് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമം; മൂടാടിയിലും ആനക്കുളത്തും പൂക്കാടും അണ്ടര്‍പാസുകള്‍ അനുവദിച്ചതിന്റെ ആവേശത്തില്‍ ആക്ഷന്‍ കമ്മിറ്റികള്‍
കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂടാടിയിലും ആനക്കുളം മുചുകുന്ന് റോഡിലും പൂക്കാടും അണ്ടര്‍പാസുകള്‍ അനുവദിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനല്‍കിയിരിക്കുകയാണ്. ഈ പ്രദേശത്തെ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന പഴയ അലൈമെന്റിനെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളും ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലുമാണ് ഈ തീരുമാനത്തിനു പിന്നില്‍.
ഓരോ പ്രദേശത്തും ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രദേശവാസികളുടെ പ്രയാസങ്ങള്‍ മനസിലാക്കിയ എം.എല്‍.എ അടക്കമുള്ളവര്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്തതോടെയാണ് അണ്ടര്‍പാസുകള്‍ അനുവദിക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായിരിക്കുന്നത്.
ജനകീയ പ്രക്ഷോഭങ്ങളുടെയും പൊതുസമൂഹത്തിന്റെ പ്രശ്നങ്ങള്‍ മനസിലാക്കിക്കൊണ്ടുള്ള എം.എല്‍.എയുടെ ഇടപെടലുമാണ് ആനക്കുളം-മുചുകുന്ന് അണ്ടര്‍പാസ് യാഥാര്‍ത്ഥ്യമാകുന്നതിന് വഴിവെച്ചതെന്ന് പ്രദേശത്തെ ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ സിജേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ആനക്കുളത്തുനിന്നും മുചുകുന്ന് വഴി തിക്കോടി പഞ്ചായത്തുവരെ പോകുന്ന ജില്ലാ പാതയാണ് ആനക്കുളം മുചുകുന്ന് റോഡ്. സംസ്ഥാന ഗവണ്മെന്റിന്റൈ ഏറ്റവും മാതൃകാപരമായ റോഡാണിത്. മുന്‍ എം.എല്‍.എയായിരുന്ന കെ. ദാസന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഫണ്ട് ഉപയോഗിച്ച് ആണ് ഈ റോഡിന്റെ പ്രവൃത്തി നടത്തിയത്. അകലാപ്പുഴ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കൊയിലാണ്ടിയില്‍ നിന്നും കണ്ണൂരിലേക്ക് ഇതുവഴി പോയാല്‍ പതിനഞ്ച് കിലോമീറ്റര്‍ കുറഞ്ഞുകിട്ടും. അതുകൊണ്ടുതന്നെ അണ്ടര്‍പാസ് ഭാവിയില്‍ ഏറെ ഗുണം ചെയ്യും.
മുചുകുന്ന് ഗവണ്മെന്റ് കോളേജിലേക്ക് പോകാനായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന വഴിയാണിത്. ആനക്കുളത്തുനിന്ന്ഗവ. കോളേജിന് അനുവദിച്ച ബസിലാണ് വിദ്യാര്‍ഥികള്‍ പോയിക്കൊണ്ടിരിക്കുന്നത്. അവര്‍ക്കും അണ്ടര്‍പാസ് ഏറെ ഗുണം ചെയ്യുമെന്നും സിജേഷ് പറഞ്ഞു.
മുടാടി- ഹില്‍ബസാര്‍ റോഡില്‍ അണ്ടര്‍പാസില്ലെങ്കില്‍ അത് പ്രദേശവാസികള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് ആക്ഷന്‍ കമ്മിറ്റി ഇടപെട്ട് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നെന്ന് മൂടാടിയിലെ ജനകീയ സമിതി ചെയര്‍മാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി.കെ ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മുചുകുന്ന് ഹില്‍ബസാര്‍ ഭാഗത്തുള്ളവര്‍ക്ക് മൂടാടി പഞ്ചായത്തുമായുള്ള ബന്ധം തന്നെ വിച്ഛേദിക്കപ്പെടുമായിരുന്നു. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, കൃഷി ഭവന്, മുചുകുന്ന് ഗവണ്മെന്റ് കോളേജ്, വരാന്‍പോകുന്ന കേളപ്പജി സ്മാരകമന്ദിരം എന്നിവയിലേക്ക് ഈ റോഡ് മുറിച്ചുകടന്നാണ് ആളുകള്‍ പോകേണ്ടത്. അണ്ടര്‍പാസ് ഇല്ലെങ്കില്‍ ഈ ഭാഗത്തേക്കുള്ള യാത്ര തടസപ്പെടും. രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച് നന്തവഴിയോ അല്ലെങ്കില്‍ കൊല്ലം നെല്യാടി റോഡ് വഴിയോ വരേണ്ടിവരും. ഇവിടെ ജനകീയ സമിതി രൂപീകരിച്ച് ഗ്രാമപഞ്ചായത്ത് അണ്ടര്‍പാസ് എന്ന ആവശ്യത്തിനുവേണ്ടി ഉറച്ചുനിന്നു.
അലൈന്‍മെന്റിലെ പോരായ്മ ശ്രദ്ധയില്‍പ്പെട്ടതു മുതല്‍ നടത്തിയ ഇടപെടലാണ് ഒടുക്കം അണ്ടര്‍പാസ് അനുവദിക്കുന്നതില്‍ വരെ എത്തിയതെന്ന് പൂക്കാട് അടിപ്പാതയ്ക്കുവേണ്ടിയുള്ള സമരസമിതിയുടെ കണ്‍വീനര്‍ സതി കിഴക്കയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ജനങ്ങള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതു മുതല്‍ എം.എല്‍.എ കാനത്തില്‍ ജമീല കലക്ടറെയും ദേശീയപാത എ.ഇയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. നിയമസഭയുടെ ശ്രദ്ധയില്‍വരെ ഈ വിഷയം എത്തിക്കുകയും വേണ്ട ഇടപെടല്‍ നടത്തുകയും ചെയ്തതിന്റെ ഫലമായാണ് അണ്ടര്‍പാസ് അനുവദിക്കാമെന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.