പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ കസ്‌റ്റഡിയില്‍
തലശേരി: പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ കൊലപാതകമാണോയെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് സി.പി.എം ആരോപിച്ചിരിക്കുന്നത്. അഞ്ചംഗ സംഘമാണ് ഹരിദാസിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാല്‍ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകള്‍ അധികവും ഉള്ളത്.