പാവക്കുട്ടിയെ സുരക്ഷിതമായി കുളക്കരയിൽ വച്ച് അന്ന യാത്രയായി; കുളത്തിൽ മുങ്ങി മരിച്ച ഏഴു വയസ്സുകാരിയുടെ വിയോഗം താങ്ങാനാവാതെ കോഴിക്കോട് രാമനാട്ടുകര നിവാസികൾ


രാമനാട്ടുകര: തങ്ങളുടെ കൂടെ ഉണ്ടായിരുന്ന പൊന്നു മകളെ കാണാതെ ഫ്രാങ്ക്ലിനും റിയയും തിരഞ്ഞു കൊണ്ടിരിക്കുമ്പോഴും അതെ സ്ഥലത്ത് അന്ന മുങ്ങി താഴുകയായിരുന്നു, മരണത്തോട് മല്ലിട്ട്. എന്നാൽ അപകടത്തിൽ പെടുന്നനതിനു മുൻപും തന്റെ സന്തത സഹചാരിയായ ഏറെ പ്രിയപ്പെട്ട പാവക്കുട്ടിയെ അവൾ സുരക്ഷിതമായി കുളക്കടവിൽ വച്ചിരുന്നു. ഒടുവിൽ അന്ന കുളത്തിൽ അകപെട്ടതാണെന്നു കാണിച്ചു തരുന്നതിനു ദൗത്യമായി മാറുകയായിരുന്നു ആ പാവ.

അവധി ആഘോഷിക്കാനായി പോയ കുഞ്ഞു മാലാഖ നിശ്ചലമായി വന്നത് കണ്ടിട്ടും ഇപ്പോഴും വിശ്വസിക്കാനാവാതെ രാമനാട്ടുകര നിവാസികൾ. കുടുംബാംഗങ്ങളോടൊപ്പം പൂവാര്‍ ആറ്റുപുറത്തെ സ്വകാര്യ റിസോർട്ടിലെത്തിയ അന്ന തെരേസയാണ് കുളത്തില്‍ മുങ്ങി മരിച്ചത്. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്ളിന്‍ സണ്ണിയുടെയും റിയയുടെയും നാലു മക്കളില്‍ മൂത്തയാളാണ് അന്ന തെരേസ.

”രണ്ടാം ക്ലാസ്സുകാരിയായ അന്ന തെരേസ പൂമ്ബാറ്റയെപ്പോലെയായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ, സഹോദരങ്ങളോടൊപ്പം കളിച്ചുചിരിച്ചു പറന്നു നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവള്‍. ഞങ്ങളെയെല്ലാം അവള്‍ക്കു വലിയ ഇഷ്ടമായിരുന്നു”അന്നയെക്കുറിച്ച്‌ പറയുമ്പോൾ അയൽക്കാരുടെ വാക്കുകളിൽ ഏറെ പ്രിയം.

തിങ്കളാഴ്ച ഉച്ചയോടെ പൂവാറിലെ പൊഴിയൂരിലുണ്ടായ അപകടത്തില്‍പ്പെട്ട് അന്ന മരിച്ചെന്ന സത്യം ഇപ്പോഴും സമീപവാസികള്‍ക്ക്‌ ഉള്‍ക്കൊള്ളാനായിട്ടില്ല. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അറപ്പുര റോഡ് ലേക് വ്യൂ ലെയ്‌നിലെ, അച്ഛന്റെ സഹോദരി സോയയുടെ വീട്ടിലായിരുന്നു അന്നയും സഹോദരങ്ങളായ ജേക്കബ്, ആന്റണി എന്നിവരും താമസിച്ചിരുന്നത്.കൈക്കുഞ്ഞായ ജൂഡ് മാതാപിതാക്കളോടൊപ്പം കോഴിക്കോട്ടും.

സ്കൂള്‍ അവധിയായതിനാല്‍ ഇളയ കുട്ടികളായ ജേക്കബ്, ആന്‍റണി എന്നിവരും കുടുംബാംഗങ്ങളായ മറ്റു കുട്ടികളും എത്തിയതോടെ ആഘോഷഭരിതമായിരുന്നു ആ വീട്. ഒടുവിൽ അവരുടെ കുഞ്ഞനുജനായ ജൂഡും അവരോടൊപ്പം കൂടിയതോടെ ആഘോഷങ്ങൾക്കും പകിട്ടുയർന്നു. അനിയന്മാരെ സ്നേഹിച്ച് വീട്ടിലെങ്ങും സന്തോഷം പകരാൻ മുൻപന്തിയിൽ നിന്നിരുന്നത് അന്നയായിരുന്നു. ഒരു ദിവസം റിസോര്‍ട്ടില്‍ തങ്ങിയ ശേഷം ചൊവ്വാഴ്ച രാവിലെ തിരിച്ചുവരാനായാണ് കുടുംബത്തോടൊപ്പം അന്ന പോയത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് കുട്ടി റിസോര്‍ട്ടിലെത്തിയത്. സോയയുടെ, വിദേശത്തു പഠിക്കുന്ന മക്കള്‍ അവധിക്കു നാട്ടിലെത്തിയതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് ഫ്രാങ്ക്ളിനും കുടുംബവും വട്ടിയൂര്‍ക്കാവിലെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ ഫ്രാങ്ക്ളിെന്റ കുടുംബവും സോയയുടെ കുടുംബവും ഇവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം പൊഴിയൂരിലെ ഐസോ ഡി കൊക്കൊ എന്ന റിസോര്‍ട്ടിലെത്തിയത്.

മുറിയിലെത്തി അരമണിക്കൂറിനു ശേഷമാണ് കുട്ടി ഒപ്പമില്ലെന്ന് ഇവര്‍ അറിയുന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ടിനു മുന്നിലെ കായലിന്റെ ഭാഗമായുള്ള വെള്ളക്കെട്ടില്‍ കുട്ടിയുടെ കൈവശമുണ്ടായിരുന്ന പാവ കണ്ടെത്തി.

ഉടനെ തന്നെ റിസോര്‍ട്ട് ജീവനക്കാരടക്കം വെള്ളക്കെട്ടിലിറങ്ങി നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുവരുകയും ഇന്ന് രാവിലെ സംസ്കരിക്കുകയും ചെയ്തു.

രണ്ടാം ക്ലാസിലെത്തിയ അന്നയ്ക്ക് സ്കൂള്‍ തുറന്നെങ്കിലും പിതാവും അമ്മയും ബന്ധുക്കളുമൊക്കെയെത്തിയതിനാല്‍ പെട്ടന്നാണ് പാറശാലയിലെ റിസോര്‍ട്ടിലേക്കുള്ള യാത്ര ആസുത്രണം ചെയ്തത്. അങ്ങനെ സ്കൂളില്‍ പോകുന്നത് ഒഴിവാക്കിയാണ് എല്ലാവരും റിസോര്‍ട്ടിലേക്ക് പോയത്.