പരമോന്നത കോടതിയുടെ ഉത്തരവിന്റെ ബലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ചു, പിന്നീട് നേരിട്ടത് നിരന്തരമായ ആക്രമണങ്ങള്‍; ബിന്ദു അമ്മിണി താണ്ടിയ കനല് വഴികള്‍…
കൂക്കുവിളികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും ധൈര്യത്തോടെ തലയുയര്‍ത്തി നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്ന സ്ത്രീ. അതാണ് ബിന്ദു അമ്മിണി. കേരളത്തില്‍ പൊതുമധ്യത്തില്‍ പലതവണ ആക്രമിക്കപ്പെട്ടു കൊണ്ടിരുന്നിട്ടും തനിക്ക് പറയാനുള്ളത് സധൈര്യം വിളിച്ചുപറയുന്ന, ഒന്നില്‍നിന്നും ഒളിച്ചോടാതെ സമൂഹത്തെ ധൈര്യത്തോടെ നേരിടുന്ന സ്ത്രീയാണവര്.
2019 ജനുവരി ആദ്യവാരമാണ് കൂട്ടുകാരി കനകദുര്‍ഗ്ഗയ്ക്ക് ഒപ്പം ബിന്ദു അമ്മിണി ശബരിമല നടയില്‍ എത്തിയത്. മണ്ഡലകാലത്ത് പുരുഷന്മാരെപ്പോലെ യുവതികളായ സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാം എന്ന സുപ്രീം കോടതി ഉത്തരവ് തെരുവ് യുദ്ധത്തിന് വഴിവെച്ചപ്പോള്‍, അതിനിടയിലൂടെയായിരുന്നു ഇവരുടെ ശബരിമല കയറ്റം.
പിന്നീടുള്ള ദിവസങ്ങള്‍ ബിന്ദു അമ്മിണിയെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. ബസിലും തെരുവിലും എന്നുവേണ്ട പോകുന്നിടത്തെല്ലാം അധിക്ഷേപങ്ങളും ആക്രമണങ്ങളുമായി ഒരുകൂട്ടം ബിന്ദുവിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. ഇതിനു പുറമേ വലിയ തോതിലുള്ള സൈബര്‍ അധിക്ഷേപങ്ങളും.
‘രണ്ട് തരത്തിലുള്ള ആക്രമണങ്ങളാണ് ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്ന് ഒരു സ്ത്രീയെന്ന നിലയിലും മറ്റൊന്ന് ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെന്ന നിലയിലും. ഇത് എന്റെ മാത്രം കാര്യമല്ല ഇന്ത്യയിലുടനീളം നോക്കിയാല്‍ കാണാം ദളിത് ആദിവാസി വിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍.’ തനിക്കുനേരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങളെ ബിന്ദു അമ്മിണി നോക്കിക്കണ്ടത് ഇങ്ങനെയാണ്.
ശബരിമല വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ജോലി ബിന്ദുവിന് നഷ്ടമായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായാണ് ബിന്ദു ജോലി ചെയ്തിരുന്നത്. ഈ വിവാദം ഉണ്ടായപ്പോള്‍ കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സര്‍വ്വകലാശാല അഭിമുഖം നടത്തി ബിന്ദുവിനെ ഒഴിവാക്കുകയാണുണ്ടായത്.
കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായ ബിന്ദു അമ്മിണി ഇന്ന് കോഴിക്കോട് ഗവ. ലോ കോളേജിലെ അധ്യാപിക കൂടിയാണ്. ഇതിനിടയില്‍ യാത്ര ചെയ്യുന്ന ബസിലും ബീച്ചിലും റോഡരികിലുമെല്ലാം നിരന്തരം ആക്രമിക്കപ്പെട്ടു. അതിക്രമങ്ങള്‍ തുടരുമ്പോഴും അവര്‍ സധൈര്യം അതിനെതിരെ ശബ്ദിച്ചു, തലയുയര്‍ത്തി നിന്നുകൊണ്ടുതന്നെ നേരിട്ടു.
ഇതുവരെയുള്ള ജീവിതത്തില്‍ ബിന്ദു നടന്നുകയറിയ കനല്വഴികളാവാം ഈ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് കരുത്തേകുന്നത്. ഏറെ ദരിദ്രമായ ചുറ്റുപാടിലാണ് അവര്‍ വളര്‍ന്നത്. ഒരു പാവപ്പെട്ട ദളിത് കുടുംബത്തിലെ അഞ്ചാമത്തെ മകള്‍. സ്കൂള്‍ കാലം തൊട്ടെ പാഠ്യ പാഠ്യേതര മേഖലകളില്‍ മികവുപുലര്‍ത്തിയിരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ നാഷനല്‍ സര്‍വ്വീസ് സ്കീം ലേഡി വോളന്റിയര്‍ സെക്രട്ടറിയായും ബെസ്റ്റ് ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരുകാലത്ത് എം.എല്‍ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ബിന്ദു കനു സന്യാല്‍ വിഭാഗത്തിന്റെ കേരള ഘടകം സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. എന്നാല്‍ പിന്നീട് സ്ഥാനമാനങ്ങള്‍ രാജിവെച്ചുപോരുകയായിരുന്നു.
നിരന്തരമായ ശാരീരിക ആക്രമണങ്ങളാണ് കഴിഞ്ഞവര്‍ഷം ബിന്ദു അമ്മിണി നേരിട്ടത്. ഹൈക്കോടതി ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം നിലനില്‍ക്കെപ്പോലും ആക്രമണം നടന്നു. സ്വകാര്യ ബസില്‍ വച്ച് അധിക്ഷേപിക്കപ്പെട്ടതും പൊയില്ക്കാവിയില്വച്ച് ഓട്ടോറിക്ഷ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതുമെല്ലാം കഴിഞ്ഞവര്‍ഷമാണ് ഉണ്ടായത്. ആ ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോകുന്ന ബിന്ദു അമ്മിണി കൊയിലാണ്ടിയിലെ വാര്‍ത്താ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….