നൂറ് പ്രവാസികളുടെ കൂട്ടായ്മയില്‍ ഉള്ള്യേരി ചിറ്റാരിക്കടവില്‍ മത്സ്യ ഫാം; ചിറ്റാരിക്കടവ് പ്രവാസി ഫാം പ്രോജക്ടിന്റെ വിശേഷങ്ങൾ


കൊയിലാണ്ടി: നൂറ് പ്രവാസികളുടെ കൂട്ടായ്മയില്‍ ഉള്ള്യേരി ഗ്രാമ പഞ്ചായത്തിലെ ചിറ്റാരിക്കടവില്‍ വിപുലമായ മത്സ്യ ഫാം പിറവിയെടുക്കുന്നു. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലെ കന്നൂർ ടൗണില്‍ നിന്ന് അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിറ്റാരിക്കടവ് പ്രവാസി ഫാം പ്രോജക്ടില്‍ (ചിപ്പ്)എത്താം. 2020 ല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായ അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളാണ് പുതിയ തൊഴില്‍ മേഖലയിലേക്കുളള അനേഷണത്തിനിടയില്‍ ഇത്തരമൊരു ഫാം പ്രോജക്ടിന് രൂപം നല്‍കിയത്.

ഉപ്പുവെളളം നിറഞ്ഞ് ചുറ്റുപാടും കാടു പിടിച്ചു കിടന്ന സ്വകാര്യ വ്യക്തികളുടെ നാല് ഏക്കർ സ്ഥലം വെട്ടി തെളിയിച്ചാണ് മനോഹരമായ മത്സ്യഫാമാക്കി രൂപാന്തരപ്പെടുത്തിയത്. ഫാമിന് ചുറ്റും ചെളി കൊണ്ട് ബണ്ട് കെട്ടിയുയര്‍ത്തി വേലി കേട്ടാന്‍ തന്നെ 70 ലക്ഷം രൂപയോളം ചെലവായതായി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രവാസിയായ അത്തിക്കോട്ട് ഭരതന്‍ പറഞ്ഞു.

ഫാമിലേക്ക് നീര്‍നായകള്‍ കടന്നു വരാതിരിക്കാന്‍ ചുറ്റുപാടും ഉറപ്പേറിയ കമ്പി വേലി സ്ഥാപിച്ചു കഴിഞ്ഞു. ഇരുപതോളം സി.സി ടി.വി ക്യാമറകൾ, സ്‌പോട്ട് ലൈറ്റുകള്‍ എന്നിവയും സജ്ജമാക്കി.
പ്രവാസികളായ ഓരോരുത്തരില്‍ നിന്നും 75,000 രൂപ വീതമാണ് ശേഖരിച്ചാണ് ഫണ്ട് സമാഹരിച്ചത്. മത്സ്യ ഫാമിനോടൊപ്പം ഫാം ടൂറിസം രംഗത്തേക്കും ഈ കൂട്ടായ്മ കടക്കുന്നുണ്ട്.

ഫാമിനോട് ചേര്‍ന്ന് പ്രവാസി സൂപ്പര്‍ മാര്‍ക്കറ്റ്, മത്സ്യ വിപണന കേന്ദ്രം,നാടന്‍ മത്സ്യ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടല്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോട്ടിംങ്ങ് എന്നിവയും കൂട്ടായ്മ ആലോചിക്കുന്നുണ്ട്. രണ്ട് സ്വകാര്യ വ്യക്തികളുടെ കൈവശമുളള സ്ഥലം 14 വര്‍ഷത്തേയ്ക്ക് പണയത്തിനെടുത്താണ് ഫാം ഉണ്ടാക്കിയത്.

ചിറ്റാരിക്കടവ് ഭാഗത്ത് ആരും തിരിഞ്ഞു നോക്കാതെ കാടു പിടിച്ചു കിടന്ന സ്ഥലമായിരുന്നു ഇത്. മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് ജലാശയത്തിലെ ചെളിയും പായലും മറ്റ് കളകളും പൂര്‍ണ്ണമായി നീക്കി. 575 മീറ്റര്‍ ദൂരത്തില്‍ നാല് ഭാഗവും തെങ്ങിന്‍ കുറ്റികള്‍ അടിച്ചു താഴ്ത്തി ചെളി കൊണ്ട് ബണ്ട് നിര്‍മ്മിച്ചു. ഇതിന് മുകളില്‍ ഇരുമ്പ് ചങ്ങല വേലിയും തീര്‍ത്തു. ഇനി പക്ഷികള്‍ ഫാമിലേക്ക് കടക്കാതിരിക്കാന്‍ ബേര്‍ഡ് നെറ്റും ഇടും.

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.ബി.പ്രദീപ് കുമാറിന്റെയും അത്തോളിയിലെ പ്രമുഖ മത്സ്യ കര്‍ഷകന്‍ കൂളത്താംകണ്ടി മനോജിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയാണ് ഫാം രൂപകല്‍പ്പന ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 30,000 പൂമീന്‍ കുഞ്ഞുങ്ങളെയും 10,000 കരിമീന്‍ കുഞ്ഞുങ്ങളെയും ഫാമില്‍ നിക്ഷേപിക്കും. പെരുവണ്ണാമുഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ ചെമ്മീന്‍ വളര്‍ത്തുന്ന ഗവേഷണ കേന്ദ്രവും ഫാമിന്റെ ഒരു ഭാഗത്തുണ്ടാവും.

കരിമീന്‍ വിത്തുല്‍പ്പാദന കേന്ദ്രവും ഫാമിനോടൊപ്പമുണ്ടാവും. ഫാമില്‍ എയറേഷന്‍ സംവിധാനം പൂര്‍ണ്ണതോതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 85,000 രൂപയോളം ചെലവഴിച്ചു. ഫാമില്‍ ജല ക്രമീകരണത്തിന് രണ്ട് ചെറു ചീര്‍പ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് ഉടന്‍ നടത്തുമെന്ന് പ്രവാസി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.

ടി.പി.ജയരാജന്‍,എടവലത്ത് ബാബുരാജ്,സിനീഷ് കേളോത്ത്,വി.കെ.സുധീഷ്,ഷൈലേഷ് രാജ്,അഡ്വ.സുനില്‍കുമാര്‍,ശരത്ത് ചൂരക്കാട്ട്,വി.എം.അസീസ്,ഫൈസല്‍ ദുബായ്, ഇ.അബ്ദുള്‍ സമദ്, സിറാജ്, ബിനു അരീക്കല്‍,ബഷീര്‍ എടവലത്ത്,സുജിത്ത് തുടങ്ങിയവരാണ് ഫാമിന്റെ പ്രവര്‍ത്തകർ.