നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് ഫലമുണ്ടായി; അറപ്പീടിക- മരപ്പാലം കല്‍വര്‍ട്ട് പൊളിച്ചു തുടങ്ങി
ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണപ്പാറ സംസ്ഥാന പാതയില്‍ അറപ്പീടിക മരപ്പാലം സ്റ്റോപ്പിന് സമീപമുള്ള കലുങ്ക് പൊളിച്ചുതുടങ്ങി. 50 വര്‍ഷത്തിലേറെ പഴക്കമുള്ള അപകടാവസ്ഥയിലുള്ള കലുങ്ക് പുതുക്കിപ്പണിയാതെ അതിനു മുകളില്‍ ടാറിങ് നടത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ടാറിംഗ് നടത്തുന്നതിനായി നിലവിലെ ടാറിംഗ് ഇളക്കിമാറ്റിയപ്പോള്‍ കലുങ്കിനോട് ചേര്‍ന്ന് ദ്വാരം വീണിരുന്നു. കൂടാതെ കലുങ്കിന്റെ അടിഭാഗത്തെ കമ്പികള്‍ കോണ്‍ക്രീറ്റില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു.
ഇക്കാര്യങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കലുങ്കിന്റെ അപകടാവസ്ഥ മനസ്സിലായതിനെ തുടര്‍ന്ന് അത് പൊളിച്ചു മാറ്റി എത്രയും പെട്ടെന്ന് പുതുക്കിപ്പണിയാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പുതുക്കിപ്പണിയാനായി കലുങ്കിന്റെ ഒരു ഭാഗം പൊളിച്ചു തുടങ്ങിയത്.