നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് മേലൂരിലെ ബുദ്ധവിഗ്രഹത്തിന് തുണയാവുന്നു; കുളക്കരയിലുള്ള ബോധിസത്വന് സംരക്ഷണ കേന്ദ്രമൊരുക്കാനുള്ള ശ്രമവുമായി നാട്ടുകാര്‍
കൊയിലാണ്ടി: മേലൂരില്‍ നിന്ന് കണ്ടെടുത്ത വജ്രയാന ബുദ്ധമത പാരമ്പര്യത്തിലെ ബോധിസത്വന്റേത് എന്ന് കരുതുന്ന പ്രതിമ സംരക്ഷണത്തിനായി നാട്ടുകാര്‍ രംഗത്ത്. മേലൂര്‍ ശിവക്ഷേത്രത്തിന് പടിഞ്ഞാറുള്ള കുളത്തില്‍ വര്‍ഷങ്ങളായി കിടന്നിരുന്ന വിഗ്രഹം കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പുറത്തെടുത്തത്. പുരാവസ്തുവകുപ്പിന്റെ സഹായത്തോടെ കണ്ടെടുത്ത പ്രതിമ കുളത്തിനു കരയിലായി വെട്ടുകല്ലിന് മുകളില്‍ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന വഴിയിലാണ് പ്രതിമയിപ്പോഴുളളത്. ബൈപ്പാസിന്റെ പണി തുടങ്ങുന്നതിനു മുമ്പ് പ്രതിമ അവിടെ നിന്ന് മാറ്റണമെന്നതിനാലാണ് നാട്ടുകാര്‍ ഇടപെട്ട് പ്രദേശത്ത് തന്നെ ഒരിടത്ത് പ്രതിമ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനായി പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള ആളുകളെ ഉള്‍പ്പെടുത്തി 20 അംഗ സമിതി രൂപീകരിക്കരിച്ചിട്ടുണ്ട്. തുടക്കം മുതല്‍ ഈ പ്രതിമ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന കരുണാകരന്‍ കലമംഗലത്താണ് കമ്മിറ്റിയുടെ കണ്‍വീനര്‍.
‘ മേലൂര്‍ ശിവക്ഷേത്രത്തിന്റെ പുറകില്‍ പാത്തിക്കലപ്പന്‍ എന്നറിയിപ്പെടുന്ന ഒരു സ്ഥലമുണ്ട്. അവിടെ മുമ്പ് ഒരു ബുദ്ധക്ഷേത്രമുണ്ടായിരുന്നു. കാലക്രമേണ അത് നശിച്ചുപോയതാണെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്. ഈ പ്രതിമ അവിടെയുണ്ടായിരുന്നതാണെന്ന് പഴയ ആളുകള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. പാത്തിക്കലപ്പന്‍ എന്നാണ് ഈ പ്രദേശത്തുകാര്‍ പ്രതിമയെ വിളിക്കുന്നത്.’ കരുണാകരന്‍ കലമംഗലത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
മുമ്പ് കുളത്തിലെ വെള്ളം വറ്റുന്ന സമയത്ത് ഈപ്രതിമ നാട്ടുകാര്‍ കാണുമായിരുന്നു. എന്നാല്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ വന്നതോടെ വെള്ളം വറ്റി പ്രതിമ കാണാനുള്ള അവസരവും കുറഞ്ഞു. കരുണാകരന്‍ കലമംഗലത്ത് അടക്കമുള്ള നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ച്ചില്‍ പ്രതിമ കുളത്തില്‍ നിന്നും പുറത്തെടുത്തത്. ബോധിസത്വനെ പ്രദേശത്തുതന്നെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിഗ്രഹം ഏറ്റെടുക്കാതിരുന്നത്.
എന്നാല്‍ ദേശീയപാതാ വികസനത്തിനായി കുളവും പരിസരവും താമസിയാതെ നികത്തപ്പെടും എന്ന അവസ്ഥ വന്നതോടെ പ്രതിമ ഉടന്‍ മാറ്റിസ്ഥാപിക്കാന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിഗ്രഹ സംരക്ഷണ കേന്ദ്രവും അതിനോട് അനുബന്ധിച്ച് സാംസ്‌കാരിക കേന്ദ്രവും ആരംഭിക്കണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കരുണാകരന്‍ പറയുന്നു. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ തീരുമാനിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്മാസത്തില്‍ ധ്യാനരൂപത്തില്‍ ഇരിക്കുന്ന നാലടിയോളം പൊക്കമുള്ള ശില്പമാണ് ഇവിടെയുള്ളത്. ശില്പശൈലീകരണവും ശിലയുടെ തരവും കണക്കിലെടുക്കുമ്പോള്‍ പ്രതിമയ്ക്ക് അറുനൂറുമുതല്‍ ആയിരം വര്‍ഷംവരെ പഴക്കമുണ്ടാകുമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.