തൊഴിലാളികൾക്കായി നിലകൊണ്ട ക്രാന്ത ദര്‍ശിയായ പൊതു പ്രവര്‍ത്തകന്‍ സി.എച്ച് ഹരിദാസിനെ അനുസ്മരിച്ച് എന്‍.സി.പി


കൊയിലാണ്ടി: ‘ആദര്‍ശ സ്ഥൈര്യത്തിന്റെ കരുത്തും ശക്തിയുമായി വര്‍ത്തിച്ച ഈ പോരാളി എന്നും കോണ്‍ഗ്രസ്-എസിന് അമൂല്യനിധിയായിരുന്നു. യുവാക്കളില്‍ ആവേശം സൃഷ്ടിക്കാന്‍ പര്യാപ്തമായ സവിശേഷ വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. പുതുമ നിറഞ്ഞ കര്‍മ്മ പരിപാടികള്‍ അദ്ദേഹം സംഘടനാ രംഗത്ത് കൊണ്ടു വരുന്നതിലും അദ്ദേഹം ഉത്സാഹം കാണിച്ചു.’ യൂത്ത് കോണ്‍ഗ്രസ് എസ് മുന്‍ സംസ്ഥാന പ്രസിഡന്റും പത്ര പ്രവര്‍ത്തകനുമായിരുന്ന സി. എച്ച് ഹരിദാസ് അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ക്രാന്ത ദര്‍ശിയായ രാഷ്ട്രീയ നേതാവ് എന്നാണ് മന്ത്രി ഹരിദാസിനെ വിശേഷിപ്പിച്ചത്.

“മൗലിക പ്രതിഭയുളള വ്യക്തിത്വത്തിനുടമായായിരുന്നു ഹരിദാസൻ. പൊതു ജീവിതത്തില്‍ സമര്‍പ്പിതമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. പരിസ്ഥിതി വിഷയങ്ങളിലും തന്റെതായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ചാലിയാറിലെ മലിനീകരണത്തിനെതിരെ അദ്ദേഹം ബഹുജന സമരം സംഘടിപ്പിച്ചു. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കി. പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഹരിദാസ്.” എന്‍.സി.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്.ഹരിദാസ് അനുസ്മരണ യോഗത്തില്‍ അനുസ്മരണ പ്രഭാഷണത്തിൽ നോവലിസ്റ്റ് യൂ.കെ കുമാരന്‍ പറഞ്ഞു.

ഹരിദാസിന്റെ ജീവിതത്തെ മുന്‍ നിര്‍ത്തി താനെഴുതിയ ‘എഴുതപ്പെട്ടത്’ എന്ന നോവല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെന്നും കുമാരന്‍ അനുസ്മരിച്ചു.

സമ്മേളനത്തിൽ എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്,പി.കെ രാജന്‍, റസാക്ക് മൗലവി, ആലിസ്മാത്യു, പി.വി.അജ്മല്‍, കെ.സുരേശന്‍, കെ.പി.രാമനാഥന്‍, ഷിബലിയോണ്‍, പി.എ.അബ്ദുളള, കെ.കെ.ശ്രീഷു, സി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.