തുറയൂരിൽ നിന്ന് കീഴരിയൂരിലേക്ക് ഇനി ആറ് കിലോമീറ്റർ മാത്രം; തുറയൂര്‍-പൊടിയാടി-കീഴരിയൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
തുറയൂര്‍: തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുറയൂര്‍-പൊടിയാടി-കീഴരിയൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് വകയിരുത്തിയ 1 കോടി 61 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
നടയ്ക്കല്‍, മുറി നടയ്ക്കല്‍ എന്നീ പാലങ്ങള്‍ക്കായി നാല് കോടി രൂപ വീതം എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ പാലങ്ങളുടെ പ്രവൃത്തി നടക്കുന്നുണ്ട്. പിഡബ്ല്യൂഡി യുടെ അല്ലാത്ത റോഡില്‍ പിഡബ്ല്യൂഡി പാലം പണിയുന്നു എന്ന പ്രത്യേകത കൂടി ഈ പ്രവര്‍ത്തിക്ക് ഉണ്ട്. അകാലപ്പുഴയുടെ തീരത്തുകൂടെയാണ് റോഡ് കടന്നു പോവുന്നത്. ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടുകൂടി അകാലപ്പുഴ കേന്ദ്രീകരിച്ചുള്ള പ്രാദേശിക വിനോദ സഞ്ചാരത്തിനുള്ള സാധ്യതയും ഉള്‍നാടന്‍ മത്സ്യ കൃഷി സാധ്യതയും വര്‍ദ്ധിക്കുമെന്നും എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ തുറയൂരില്‍ നിന്ന് കീഴരിയൂരിലേക്കുള്ള ദൂരം ആറ് കിലോമീറ്ററായി ചുരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ നായര്‍, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം ദുള്‍ക്കിഫില്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീന പുതിയോട്ടില്‍, അഷിത, മെമ്പര്‍മാരായ കെ.എം രാമകൃഷ്ണന്‍, കെ.ദിപിന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി ഷിബു, ടി.കെ സുനില്‍, മധു മാവുള്ളാട്ടില്‍, ഇ.കെ ബാലകൃഷ്ണന്‍, നൗഷാദ് മാസ്റ്റര്‍, കൊടക്കാട് ശ്രീനിവാസന്‍, കെ.രാജേന്ദ്രന്‍, നാഗത്ത് നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സജി കുമാര്‍ നന്ദിയും പറഞ്ഞു.