ജനങ്ങളുടെ ആശങ്കകള്‍ തിരിച്ചറിഞ്ഞ് എം.എല്‍.എ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു; മൂടാടിയിലും പൂക്കാടും ആനക്കുളത്തും അടിപ്പാതകള്‍ നിര്‍മ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കാനത്തില്‍ ജമീല എം.എല്‍.എ
കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയില്‍ ഉയര്‍ന്ന പ്രധാന ആശങ്കകള്‍ക്ക് പരിഹാരമാകുന്നു. പൂക്കാട്, പൊയില്‍കാവ്, ആനക്കുളം – മുചുകുന്ന് റോഡ്, മൂടാടി – ഹില്‍ബസാര്‍ റോഡ്, തിക്കോടി എന്നിവിടങ്ങളിലാണ് അടിപ്പാതകള്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതില്‍ മൂടാടി- ഹില്‍ബസാര്‍ റോഡ്, ആനക്കുളം മുചുകുന്ന് റോഡ്, പൂക്കാട് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല വ്യക്തമാക്കി.
അടിപ്പാതകള്‍ ആവശ്യപ്പെട്ട് ഈ മേഖലകളില്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കാനത്തില്‍ ജമീല സജീവമായി ഇടപെടുകയും ചെയ്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ജില്ലാ കളക്ടര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ കാണുകയും മണ്ഡലത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനപ്രതിനിധികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു കൊണ്ട് കളക്ടറുടെ ചേമ്പറില്‍ യോഗം ചേരുകയും മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു.
പൊയില്‍കാവ്, തിക്കോടി എന്നിവിടങ്ങളിലെ വിഷയമാണ് ഇനി പരിഗണനയിലുള്ളത്. ഇവിടെ ഇന്നലെ വീണ്ടും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും മറ്റ് മൂന്നിടങ്ങളിലേതിന് സമാനമായി പൊയില്‍കാവ്, തിക്കോടി എന്നിവിടങ്ങളില്‍ കൂടെ അടിപ്പാത നിര്‍മ്മിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.