കോവിഡ് വ്യാപനത്തെ തുടർന്ന് മണിയൂർ എഞ്ചിനീയറിംഗ് കോളജ് താത്കാലികമായി അടച്ചു
വടകര: കോവിഡ് വ്യാപനത്തെ തുടർന്ന് മണിയൂർ എഞ്ചിനീയറിംഗ് കോളജ് താത്കാലികമായി അടച്ചു. നിരവധി വിദ്യാർത്ഥികൾ കോവിഡ് ബാധിതരായതിനെ തുടർന്നാണ് തീരുമാനം. കോളേജിൽ മുപ്പതിലേറെ കുട്ടികൾ അസുഖ ബാധിതരാണെന്നു കണ്ടെത്തി.
ബിടെക്ക്, എംസിഎ, ഡിപ്ലോമ ക്ലാസുകളെല്ലാം ഓൺലൈനിലേക്ക് മാറി. ക്ലാസ് സീരീസ് ടെസ്റ്റുകൾ മറ്റൊരറിയിപ്പ് ഉണ്ടാവുന്നതു വരെ ഉണ്ടാവില്ല എന്ന് അധികൃതർ അറിയിച്ചു.
ദിവസങ്ങൾക്കു മുമ്പ് ഹോസ്റ്റലിലെ ഒമ്പത് പേർക്ക് രോഗലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആറു പേർ രോഗബാഹിതരാണെന്നു സ്ഥിരീകരിച്ചു. പിന്നീട് 116 വിദ്യാർഥികളിൽ നടത്തിയ ടെസ്റ്റിൽ 16 പേർക്കും പിന്നീട് 11 പേർക്കും രോഗം സ്ഥിരീകരിച്ചു.
എഞ്ചിനീയറിംഗ് കോളജ് ക്ലസ്റ്ററായി മാറിയതിനെ തുടർന്നാണ് രണ്ടാഴ്ചത്തേക്ക് കോളജ് അടച്ചിടാൻ നിർദേശം നൽകിയതെന്ന് മണിയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് പറഞ്ഞു.
ഹോസ്റ്റൽ അടച്ചതിനാൽ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങും.