കോഴിക്കോട് ബീച്ചുകളിലെ ഉപ്പിലിട്ടത് നുണയാനാവില്ലന്ന വിഷമമാണോ? ഉപ്പിലിട്ട വസ്തുക്കളുടെ വിൽപ്പന വിലക്ക് പിൻവലിച്ചു
കോഴിക്കോട്:കോഴിക്കോടെത്തിയാല്‍ ഇനി ഉപ്പിലിട്ടതും രുചിക്കാം, കടകള്ക്കേര്പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ന് വൈകുന്നേരം മുതല്‍ കോഴിക്കോട് ബീച്ചിലെ കടകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഉപ്പിലിട്ടതു വില്‍ക്കുന്നത് നിരോധിച്ച കാര്യത്തില്‍ കച്ചവടക്കാരുമായി കോര്പ്പറേഷന് മേയര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നീക്കം.
കഴിഞ്ഞാഴ്ച കാസര്‍ഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചില്‍ എത്തിയ കുട്ടികള്‍ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചിട്ട് പൊള്ളലേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് കടകളില്‍ പരിശോധനകള്‍ കടുപ്പിച്ചത്. പരിശോധനയില്‍ ഉപ്പിലിട്ടതില്‍ മാരക വസ്ത്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയില്ലെന്നു മേയര്‍ പറഞ്ഞു.
ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി കൂടുതല്‍ പേര് കോര്പറേഷന് ആരോഗ്യ വിഭാഗത്തെ സമീപിക്കുകയുണ്ടായി.
തുടര്‍ന്ന് അടിയന്തിര നടപടിയെന്ന നിലയില്‍ ഉപ്പിലിട്ടത് വില്‍ക്കുന്നത് നിരോധിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രധിഷേധം ഉയര്‍ന്നിരുന്നു.
കച്ചവടക്കാര്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉറപ്പാക്കുമെന്ന് മേയര്‍ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്കി. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന വസ്ത്തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റു വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോര്‍ഡ് കടയില്‍ തൂക്കിയിടണം. ലൈസന്‍സുള്ള കടകള്‍ക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാന്‍ അനുമതി കൊടുക്കു എന്ന് മേയര്‍ അറിയിച്ചിരുന്നു.