കൊയിലാണ്ടിയുടെ ക്രിക്കറ്റ് താരം രോഹന്‍ എസ്. കുന്നുമ്മല്‍ ഐ.പി.എല്‍ ലേലത്തില്‍; അടിസ്ഥാന വില 20 ലക്ഷം രൂപ


കൊയിലാണ്ടി: കൊയിലാണ്ടിയുടെ അഭിമാനമായ യുവ ക്രിക്കറ്റ് താരം രോഹന്‍ എസ്. കുന്നുമ്മല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ലേലപ്പട്ടികയില്‍ ഇടം പിടിച്ചു. ഇരുപത് ലക്ഷം രൂപയാണ് രോഹന്റെ അടിസ്ഥാന ലേലത്തുക. Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാർത്താ താരം-2021 പരിപാടിയുടെ വോട്ടിങ്ങിനായുള്ള പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് രോഹൻ കുന്നുമ്മൽ.

ബെംഗളൂരുവില്‍ വച്ച് ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ലേലം നടക്കുക. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പുറത്തു വിട്ടത്. മലയാളി താരം ശ്രീശാന്തും പട്ടികയിലുണ്ട്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ വര്‍ഷം ശ്രീശാന്ത് പട്ടികയില്‍ ഉണ്ടായിരുന്നില്ല.

റോബിന്‍ ഉത്തപ്പയാണ് കേരളത്തില്‍ നിന്നും ഐ.പി.എല്‍ ലേലത്തില്‍ കോടി വിലയുള്ള കളിക്കാരന്‍. ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ ഉത്തപ്പ ബാറ്റേന്തിയിട്ടുണ്ട്. രണ്ട് കോടിയാണ് ഉത്തപ്പയുടെ വില. സി.എസ്.കെ, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, പൂനെ വാരിയേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി ഉത്തപ്പ കളിച്ചിട്ടുണ്ട്.

കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു കേരളക്കാരന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലിയിലാണ് അസ്ഹറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള അസ്ഹറുദ്ദീന്‍ കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ഭാഗമായിരുന്നുവെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അന്നും 20 ലക്ഷമായിരുന്നു അടിസ്ഥാന വില. അതേസമയം മോശം ഫോമിനെ തുടര്‍ന്ന് അസ്ഹറിനെ കേരള ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദാണ് മറ്റൊരു കേരള താരം. ആര്‍.സി.ബി ഡല്‍ഹി ടീമുകള്‍ക്കായി മൂന്ന് മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഡല്‍ഹി കാപ്പിറ്റല്‍സിലായിരുന്നു കഴിഞ്ഞ സീസണില്‍. 20 ലക്ഷമാണ് വിഷ്ണുവിന്റെയും അടിസ്ഥാന വില.

20 ലക്ഷം വിലയുള്ള കെ.എം.ആസിഫാണ് മറ്റൊരു കളിക്കാരന്‍. ബൗളറായ ആസിഫ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സിനൊപ്പാണ് സഞ്ചാരം. മൂന്ന് മത്സരങ്ങളില്‍ സി.എസ്.കെയ്ക്കായി ആസിഫ് കളിച്ചിട്ടുണ്ട്. പേസര്‍ ബേസില്‍ തമ്പിയുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. സച്ചിന്‍ ബേബിയുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി സച്ചിന്‍ കളിച്ചിരുന്നു. മിഥുന്‍ സുദേശന്‍, എം.നിധീഷ്, സിജിമോന്‍ ജോസഫ് എന്നിവരാണ് അടിസ്ഥാന വില 20 ലക്ഷമായി താര ലേലത്തിന് എത്തുന്ന മറ്റ് മലയാളി കളിക്കാര്‍.