കൊയിലാണ്ടിയില്‍ ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ കടകളും അടച്ചിട്ടു; അവശ്യസാധനങ്ങളുടെ കടകള്‍ വൈകുന്നേരം ആറുമണിക്ക് ശേഷം തുറക്കും


കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനോടുള്ള ആദരസൂചകമായി കൊയിലാണ്ടിയിലെ കടകള്‍ അടച്ചിട്ട് വ്യാപാരികള്‍. ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും വൈകുന്നേരം ആറുമണിവരെ അടച്ചിടുമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിയാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വൈകുന്നേരം ആറുമണിക്കുശേഷം അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അപ്രതീക്ഷിതമായ കടമുടക്കം പ്രദേശവാസികള്‍ക്ക് ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമെന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമാണ്.

ഇന്നലെ രാത്രി പത്തരയോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലല്‍ വെച്ച് ടി. നസ്‌റുദ്ദീന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നടക്കാവിടെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. ഇന്ന് വൈകുന്നേരമാണ് നസ്‌റുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം.

1991 മുതല്‍ മൂന്നു പതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു.