കെ റെയില്‍; ‘കേന്ദ്രനിലപാട് സംസ്ഥാന സര്‍ക്കാറിന് വലിയ ആഘാതം; പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചെന്നു പറയുംവരെ സമരം തുടരും” ടി.ടി.ഇസ്മയില്‍
കൊയിലാണ്ടി: ജനങ്ങളുടെ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ധൃതിപ്പെട്ട് കെ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാറിന് ലഭിച്ച വലിയ ആഘാതമാണ് കെ റെയിലിന് തല്‍ക്കാലത്തേക്ക് അനുമതി നല്‍കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ ടി.ടി ഇസ്മയില്‍. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് പ്രതികരിച്ചുകൊണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതിയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. കേരള സര്‍ക്കാറും കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും ഈ പദ്ധതി ഉപേക്ഷിച്ചുവെന്ന് പറയുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
താല്‍ക്കാലത്തേക്ക് അനുമതി നല്‍കിയിട്ടില്ലയെന്നാണ് കേന്ദ്രം പറഞ്ഞത്. പൂര്‍ണമായ അനുമതി നിഷേധം വരികയെന്നത് നിര്‍ബന്ധമാണ്. അതിലേക്ക് കേന്ദ്രസര്‍ക്കാര്‍ വരുമെന്ന് സമരസമിതി ഉറച്ചുവിശ്വസിക്കുന്നുണ്ട്. സമരസമിതി കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചിരിക്കുന്നത്. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമില്ലാതെ തട്ടിക്കൂട്ടിയ ഡി.പി.ആറുമായും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെയും ഒക്കെയാണ് യഥാര്‍ത്ഥത്തില്‍ ഈ പദ്ധതിയുമായി വളരെ ധ്രുതഗതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. ആ സര്‍ക്കാറിന് ലഭിച്ച വലിയൊരു ആഘാതമാണ് തല്‍ക്കാലികമെങ്കിലും അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടി.
കെ- റെയിലുമായി ബന്ധപ്പെട്ട് ശരിയായ രീതിയിലുള്ള പാരിസ്ഥിതിക ആഘാത പഠനം നടന്നിട്ടില്ല. ഡി.പി.ആര്‍ പൂര്‍ണമല്ല, സാമ്പത്തികമായ അളവുകോല്‍ യഥാര്‍ത്ഥ ഞെട്ടിപ്പിക്കുന്ന വിഷയങ്ങളുള്ളതാണ്, സാമൂഹികമായ ആഘാത പഠനം തുടങ്ങിയിട്ടേയുള്ളൂ. അതിനു മുമ്പേ തന്നെ സര്‍ക്കാര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി, അവിടെയും ഇവിടെയും സര്‍വേ കുറ്റികള്‍ നാട്ടി. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന, പൊലീസുകാരെ കാട്ടി ഭീഷണിപ്പെടുത്തുന്ന സ്ഥിതി വിശേഷമുണ്ട്. താല്‍ക്കാലികമായ അനുമതി നിഷേധത്തിലൂടെയെങ്കിലും സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് സമരസമിതി ആവശ്യപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് എന്‍.കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പദ്ധതിക്ക് തല്‍ക്കാലത്തേക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോവാണ് നിലപാട് വ്യക്തമാക്കിയത്.
പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ടും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന കാര്യവും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. കേരള റെയില്‍ ഡെവലപ്‌മെന്റ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഈ കമ്പനിയില്‍ കേരള സര്‍ക്കാരിനും റെയില്‍വേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമിയും റെയില്‍വേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേയെ എങ്ങനെ ബാധിക്കും എന്നറിയണം. പദ്ധതിക്ക് അനുബന്ധമായി എത്ര റെയില്‍വേ ക്രോസിംഗുകള്‍ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് തരണമെന്നും കെ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.