“കുഞ്ഞാലിക്കുട്ടി അധികാരമോഹി, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണമായി”; ഗുരുതര ആരോപണവുമായി എം.എസ്.എഫ് മുന്‍ നേതാവ് ലത്തീഫ് തുറയൂര്‍
കോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് മുന്‍ നേതാവ് ലത്തീഫ് തുറയൂര്‍. കുഞ്ഞാലിക്കുട്ടി അധികാരമോഹിയാണെന്നും അദ്ദേഹത്തിന്റെ തിരിച്ച് വരവ് യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണമായെന്നും ലത്തീഫ് ആരോപിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ലീഗിന്റെ സ്വാധീനം മലപ്പുറത്തെ ചില പ്രദേശങ്ങളിലേക്ക് ചുരുങ്ങി. പാര്‍ട്ടി വളരണമെന്ന് നേതാക്കള്‍ക്കാഗ്രഹമില്ല. ലീഗിന്റെ വളര്‍ച്ച താഴോട്ടാണെന്നും ആദ്ദേഹം പറഞ്ഞു. എം.എസ്.എഫിന്റെ പുതിയ ഭാരവാഹികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ച ലത്തീഫ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ. നവാസിന്റെ സ്‌പോണ്‍സറാണ് സാദിഖലി തങ്ങളെന്നു പറഞ്ഞു. തങ്ങള്‍ക്ക് നവാസുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും നവാസ് ആരോപിക്കുന്നു.
ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ വര്‍ഗീയ പ്രസംഗം മുസ്ലീം സമൂഹം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ലീഗിന്റെ മുഖ്യശത്രു കമ്മ്യൂണിസ്റ്റല്ല, ബി ജെ പി ആണെന്നും ലത്തീഫ് വ്യക്തമാക്കി.