എന്ത് മനോഹരം ഈ അഴിമുഖ ബീച്ച്! വടകര സാന്റ് ബാങ്ക്സില്‍ ഒരു സായാഹ്നം ചിലവഴിച്ചിട്ടണ്ടോ?
വടകരയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാന്റ് ബാങ്ക്സ്. കടലിന്റെ സൗന്ദര്യത്തിനൊപ്പം പുഴയും കടലും ചേര്‍ന്ന അഴിത്തല അഴിമുഖത്തിന്റെ ശാന്തമായ കുറേ നിമിഷങ്ങളാവും ഇവിടേക്കുള്ള യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുക.
വടകര ടൗണില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ പടിഞ്ഞാറ് മാറി അഴിത്തലയിലാണ് സാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ ഇടം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കുട്ടികളുടെ പാര്‍ക്ക്, വിശ്രമ മുറി, ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളൊരുക്കി ഈ അടുത്തകാലത്താണ് സാന്‍ഡ് ബാങ്ക്സിന്റെ മുഖം മിനുക്കിയത്.
സാന്റ് ബാങ്ക്സിന് മറുഭാഗത്തായാണ് കൊളാവിപ്പാലം ബീച്ച് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. അഴിമുഖത്തെ തണലില്‍ ഇരുന്നുകൊണ്ടുള്ള അസ്തമയക്കാഴ്ച അതിമനോഹരമാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നതോടെ ദിവസവും നൂറുകണക്കിനാളുകളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.
സഞ്ചാരികള്‍ക്കായി വാഹനം പാര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയും കൊളാവിപ്പാലത്തേക്കും ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലേക്കും ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടും സാന്റ് ബാങ്ക്സിന്റെ ടൂറിസം സാധ്യതകള്‍ കുറേക്കൂടി വിപുലമാക്കാവുന്നതാണ്. ഇതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുമുണ്ട്.